Tuesday, May 22, 2012

അവന്‍റെ പുസ്തകത്തിന്‍റെ ഉടമ

പൂരപ്പറമ്പിലേക്ക്‌ നോക്കിയത് പോലെ എന്നൊക്കെ പറയാം, എന്‍റെ ഷെല്‍ഫ്‌ കണ്ടാല്‍, അത്രയ്ക്ക്ണ്ട്‌ സാധനങ്ങള്‍.ഇടക്കിടക്ക്‌ അടുക്കി വെച്ചിരുന്നത് ഇപ്പൊ വല്ലപ്പോഴും മാത്രമായി മാറിയിരിക്കുന്നു. ദിവസങ്ങള്‍ക്ക് ശേഷമുളള ഈ അടുക്കി പെറുക്കലുകള്‍ക്കിടയില്‍ നിന്നാണ് എന്‍റെ പുസ്തകക്കൂട്ടങ്ങളില്‍ ഒളിച്ചിരുന്ന ആ കണ്ണുകളെ ഞാ൯ കണ്ടത്‌.വെള്ള ചട്ടയില്‍ നീല മഷി കൊണ്ടെഴുതിയ “നീലിമയേറിയ കണ്ണുകള്‍”.1993ലെ നൊബേല്‍ സമ്മാനജേതാവായ ടോണി മോറിസണിന്‍റെ ‘ദ ബ്ലുയെസ്റ്റ് ഐ’.പുതുമണം വിട്ടു മാറാത്ത ആ പുസ്തകത്തിന്‍റെ ആദ്യത്തെ പേജില്‍ ചുള്ളികാടിന്‍റെ കവിത കുറിച്ചിരിക്കുന്നു.
       “അറിഞ്ഞതില്‍ പാതി
       പറയാതെ പോയി 
       പറഞ്ഞതില്‍ പാതി
       പതിരായും പോയി
       പാതി ഹൃത്തിനാല്‍ നീ
       വെറുത്തിടുമ്പോള്‍
       പാതി ഹൃത്തിനാല്‍ നീ
       ക്ഷമിച്ചു കൊള്‍ക”
 ഒരിക്കല്‍ ഒരാള്‍ തന്‍റെ പ്രണയിനിക്ക് സമ്മാനിച്ച പുസ്തകം.അവളുടെ മനോഹരമായ കണ്ണുകള്‍ക്ക്‌ മുന്നില്‍ അവന്‍ സമര്‍പ്പിച്ച പുസ്തകം. അതെങ്ങനെ എന്‍റെ കയ്യില്‍ വന്നുവെന്നല്ലേ.അതൊരു കഥയാണ്‌.

 ഒരു ഫെബ്രുവരി മാസം,കോളേജ് ഫെസ്റ്റ് നടക്കുന്നു. കേരളത്തിലെ ഏറ്റവും പ്രശസ്തമായ ഒരു എന്‍ജിനിയറിങ കോളേജിലെ പിജി വിദ്യാര്‍ഥികളായ ഞങ്ങള്‍, ഏററവും മുതിര്‍ന്നവ൪, പക്ഷെ അത൦ഗീകരിക്കാ൯ മനസ്സില്ലാതെ ‘കുറച്ചൊക്കെ ഓവര്‍ ആക്കിയാലേ ആളുകള്‍ ശ്രദ്ധിക്കു എന്ന് പറഞ്ഞ് ഓവറാക്കാലിന്‍റെ കൊടുമുടിയില്‍ എത്തിനില്‍ക്കുന്നവര്‍.
രാത്രി ഏകദേശം ഒന്‍പത് ഒന്‍പതര സമയം,ഞങ്ങളുടെ ഓപ്പണ്‍ എയര്‍
ഓഡിറ്റോറിയത്തില്‍ നിന്നും കാര്‍ത്തിക്‌ തന്‍റെ മനോഹരമായ ശബ്ദത്തില്‍ പാടുന്നു.അവന്‍റെ പാട്ടില്‍ മതിമറന്ന് കണ്ണിമ വെട്ടാന്‍ പോലുമാവാതെ ഇരിക്കുന്ന എന്‍റെ മുന്നിലേക്ക്‌ ഒരാള്‍ ഒരു പുസ്തകം വെച്ച് നീട്ടുന്നു, കൂടെ ഒരു വാചകവും “ഇതൊന്ന് സൈറക്ക് പാസ്‌ ചെയ്യോ?”
അപ്പുറത്തെവിടയോ ഒരു സൈറ ഈ പുസ്തകത്തിനു കാത്തിരിക്കുന്നു വെന്നു കരുതി ഞാനത് അടുത്ത ആളിലേക്ക് കൊടുത്തു വിട്ടു.

 പാട്ടൊക്കെ പാടി കാര്‍ത്തിക്കും കൂട്ടരും യാത്രയായി. അങ്ങനെയിരി ക്കുമ്പോള്‍ ദാ ആ പുസ്തകം എന്‍റെ അടുത്തേക്ക്‌ തിരിച്ച് വരുന്നു. അങ്ങനൊരു സൈറ അവിടില്ലത്രേ.. ഇല്ലാതിരിക്കോ? മിക്കവാറും തിരസ്കരിക്കപ്പെട്ടതവും അവന്‍റെ പ്രണയോപഹാരം...

 തിരിചു പോവാന്‍ എഴുന്നേററപ്പോള്‍ ആ കണ്ണുകള്‍ എന്നോട് ചോദിച്ചു,നീയെന്നെ അവളെ ഏല്‍പ്പിക്കുമോ? അതെടുത്ത് നടക്കുമ്പോള്‍ ഒരു തരം വിറയലായിരുന്നു.ആ ആള്‍ക്കൂട്ടത്തില്‍ അവന്‍റെ പുസ്തകവുമായ് അവനെന്നെ കാണുന്നുണ്ടാവുമോ? അവന്‍റെ സൈറ ഞാനല്ലെന്ന്‍ അവനുമറിയാം എനിക്കുമറിയാം..

  പിന്നീടുള്ള ദിവസവങ്ങള്‍ അവളെ അന്വേഷിച്ചായിരുന്നു.ആ പുസ്തക താളുകള്‍ക്കിടയില്‍ അവന്‍ വരച്ച അവളുടെ മുഖം (അവളുടെതയിരിക്കും), അതു നോക്കി ഞാന്‍ പറഞ്ഞ് കൊണ്ടേയിരുന്നു മോളെ സൈറ ഒന്നെന്‍റെ മുന്നില്‍ വരൂ.....
എനിക്കറിയാവുന്ന ഒരു സൈറ,കാണാന്‍ സുന്ദരിയായ അവളായി രിക്കുമോ ഇവള്‍ എന്നോര്‍ത്ത് അവള്‍ക്ക് മുന്നിലെത്തി...കേട്ടപാതി കേള്‍ക്കാത്ത പാതി അവള്‍ പറഞ്ഞു “ഞാനല്ല ചേച്ചി.. എനിക്ക് വായനാശീലവുമില്ല,മലയാളം വായിക്കാന്‍ അറിയേം ഇല്ലാ..” ശരിയാ ഞാനല്ലേ പോട്ടത്തി മലയാളം അറിയാത്ത,അന്‍റ്റാമാന്‍കാരിയായ ഇവളായിരിക്കില്ല അവള്‍...ഉറപ്പാണ്..
ഇനി അങ്ങനെ ഒരാള്‍ ഇല്ലേ?അവനു വല്ല പ്രശ്നവുമുണ്ടോ? തലക്ക്? ഇങ്ങനെ നൂറ്റൊന്നു ചോദ്യങ്ങള്‍ എന്‍റെതലക്കുള്ളില്‍ മിന്നി മറഞ്ഞു..

 മറ്റൊരാളുടെ സമ്മാനം നീയെന്തിനാ സൂക്ഷിക്കുന്നെ എന്നൊക്കെ കൂടെയുള്ളവര്‍ പറഞ്ഞ് തുടങ്ങി..അങ്ങനെ ഞാന്‍ വീണ്ടും ആരംഭിച്ചു “Mission zaira  അതിന് അങ്ങനെ തന്നെ പേരിടണം.

 ഒടുവില്‍ കിട്ടീ’.....കിട്ടീ..... മല... മല... എന്ന് പറഞ്ഞു ഓടാന്‍ തോന്നി...
കാരണം കിട്ടിപ്പോയി ആ പുസ്തകത്തിന്‍റെ ഉടമയെ..

 അങ്ങനെ ഞാനവളെ കാണാന്‍ തീരുമാനിച്ചു.കൂടെ എന്‍റെ ഒരു സഹമുറിയത്തിയെയും കൂട്ടി. രാത്രി ഒരു എട്ടര എട്ടേമുക്കാല്‍ സമയത്ത് കുറച്ചകലെയുള്ള അവളുടെ മുറിയിലേക്ക്‌ ഞങ്ങള്‍ നടന്നു തുടങ്ങി. 35ല്‍ നിന്നും 216 ലേക്ക്‌ അത്യാവശ്യം ദൂരമുണ്ടല്ലോ?പോകുന്ന വഴിക്ക്‌ തിരക്കഥ സംഭാഷണം തയ്യാറാക്കിക്കൊണ്ടിരുന്നു.അവളുടെ മുന്നില്‍ പിടിച്ചു നില്‍ക്കണ്ടേ?

 അവസാനം എത്തി 216 നമ്പര്‍ മുറിയുടെ മുന്നില്‍. അടച്ചിട്ട വാതില്‍.ചെറുതായൊന്നു മുട്ടി. വാതില്‍ തുറന്ന പെണ്‍കുട്ടിയോട്‌ ചോദ്യഭാവത്തില്‍ സൈറ എന്നുപറഞ്ഞു.. സൈറയാണോ അതോ സൈറയുണ്ടോ? ഏതായാലും അവള്‍ ഊഹിച്ചോട്ടെ?
“ഇവിടില്ല, കുളിക്കാന്‍ പോയി ഇപ്പോ വരും...
ശരിയെന്നു പറഞ്ഞു തിരിഞ്ഞു നടക്കാന്‍ തുടങ്ങുമ്പോള്‍ ആ ഇടനാഴിയുടെ അറ്റത്ത്‌ നിന്നും ഒരു പെണ്‍കുട്ടി നടന്നു വരുന്നു, കൈയിലൊരു ബക്കറ്റ്‌,തോളില്‍ തോര്‍ത്തും തുണികളും,അഴിച്ചിട്ട നനഞ്ഞ മുടി. കുളിച്ചു വരുന്നതിന്‍റെ എല്ലാ ലക്ഷണവുമൊത്ത പെണ്‍കുട്ടി..
സൈറ?
 അതെ എന്ന് പറയുന്നതിന് പകരം അവളൊന്നു ചിരിച്ചു.. അനുഷ്ക ഷെട്ടിക്ക് ശേഷം ഞാന്‍ കണ്ട സുന്ദരമായ ചിരി.. വെളുത്ത് മെലിഞ്ഞ് കൊലുന്നനെയുള്ള ഒരു സുന്ദരി.. നീലയല്ലെങ്കിലും സുന്ദരമായ കണ്ണുകള്‍.ഞാനവളെ തന്നെ നോക്കി നിന്നു.. വീഴല്ലേ കൃഷ്ണാ.. അല്ലെങ്കില്‍ കൃഷ്ണന്‍ വേണ്ട.. എന്‍റെ അയ്യപ്പാ......
നേരത്തെ പഠിചു വന്ന വാചകങ്ങള്‍ ഞാനവള്‍ക്ക്‌ മുന്നില്‍ തന്മയത്വത്തോടെ അവതരിപ്പിച്ചു.. അവളുടെ ചിരി മാഞ്ഞു സാധാരണ പോലെയായി.. അസാധാരണമായ എന്തെങ്കിലും സംഭവിക്കുമോ എന്നാ പേടിയുമായ് നില്‍കുമ്പോള്‍ അവള്‍ പറഞ്ഞു
    “ അത് ഞാന്‍ തിരിച്ച് കൊടുത്തതാ
      എനിക്ക് വേണ്ട...”
  ഹോ സീനിയറായത് ഭാഗ്യം എന്നോര്‍ത്ത് ഞങ്ങള്‍ തിരിച്ച് നടന്നു..
സ്റ്റെപ്പുകള്‍ ഇറങ്ങുമ്പോള്‍ ഞാനവനോട് പറഞ്ഞു നിന്‍റെ സമ്മാനത്തിന് എന്‍റെ അടുത്ത് നില്‍ക്കാനാ യോഗം....
സ്റ്റെപ്പുകള്‍ ഇറങ്ങി തീരുന്നതിനു മുന്‍പ് കറന്‍റ് പോയി.. ഇരുട്ടത്ത് കൂട്ടിമുട്ടാതിരിക്കാന്‍ ഞാനൊരു പാട്ടു പാടിത്തുടങ്ങി..
     “രാത്രി ശുഭരാത്രി
      ഇനിയെന്നും ശിവരാത്രി
      ജന്മം പുനര്‍ജന്മം”
കൂടെയുള്ളവള്‍ എന്‍റെ വായ പൊത്തി പിടിക്കാന്‍ ശ്രമിച്ചു...പക്ഷെ ഞാന്‍ വിട്ടുകൊടുത്തില്ല.. ഉറക്കെ..ഉറക്കെ..പാടി..
     ഓ.. പ്രിയേ..ഓ....പ്രിയേ..
     ഓ..ഓ..പ്രിയേ..

5 comments:

 1. This comment has been removed by the author.

  ReplyDelete
 2. This comment has been removed by the author.

  ReplyDelete
 3. കൊള്ളാമല്ലോ നിമിഷാ... :)

  വല്ലവന്‍ വല്ലവള്‍ക്കും കൊടുത്തൊരു പുസ്തകം അടിച്ചുമാറ്റിയതിനെ ഇത്രയൊക്കെ കാല്പ്പനികവല്‍ക്കരിക്കാനുള്ള കഴിവു സമ്മതിച്ചേ തീരൂ.. ഇനി അഥവാ പിടിക്കപ്പെട്ടാലും പറയാമല്ലോ,ഞാന്‍ കട്ടതല്ല, എന്റെ ബ്ലോഗില്‍ ഞാന്‍ എല്ലാം എഴുതീട്ടുണ്ടല്ലോ എന്ന്... :P

  ReplyDelete
 4. സംഭവം വളരെ തന്മയത്വത്തോടെ അവതരിപ്പിച്ചു
  ഏതായാലും സംഭവം കലക്കി മനോഹരമായൊരു
  പുസ്തകത്തിനുടമ ആയെന്നു പറഞ്ഞാല്‍ മതിയല്ലോ
  കഥയും ശൈലിയും എല്ലാം കൊള്ളാം പക്ഷെ ഇവിടെ
  വരുന്നവര്‍ ഓടിയകലും കാരണം കണ്ണഞ്ചിപ്പിക്കുന്ന
  അക്ഷരങ്ങള്‍ തന്നെ അതും വായിക്കണമെങ്കില്‍
  ഭൂതക്കണ്ണാടി തന്നെ വേണം
  ഫോണ്ട് size മാറ്റുക അല്ലെങ്കില്‍ background മാറ്റുക
  എങ്കില്‍ കൂടുതല്‍ പേര്‍ വരും വായിക്കും
  ആശംസകള്‍
  PS: Also pl. remove the word verification, it irritates your readers. Best Regards
  Philip

  ReplyDelete