Monday, November 26, 2012

ഒരു മൂക്കുത്തി കഥ




   ഒരു പിജി കോഴ്സ് തീരുന്നതിന്‍റെ എല്ലാ ബഹളങ്ങളുമുണ്ടായിരുന്നു അന്ന് ലാബില്‍, ഇടക്കിടെ  ജാം ആവുന്ന പ്രിന്‍റര്‍, ഒരു കമ്പ്യൂട്ടറില്‍ നിന്നും മറ്റൊന്നിലേക്ക്‌ ഓടുന്ന കുട്ടികള്‍ , വൈകി ഓടുന്ന ക്ലോക്ക്... അങ്ങനെ പലതും
   ചില വൈകുന്നേരങ്ങള്‍ നമ്മളെ പലതും ഓര്‍മ്മിപ്പിക്കും.. ഇതു പോലെ ഒരു വൈകുന്നേരം മറ്റൊരാളിലെക്കുള്ള വഴിയില്‍ വെച്ചാണ്‌ ഞാനവനെ ആദ്യമായ്‌  കാണുന്നത്.കമ്പ്യൂട്ടര്‍ ലാബിന്‍റെ അറ്റത്ത്‌ മറ്റൊരാളുമായ് സംസാരിച്ചു നിന്ന അവനെ രണ്ടാമതൊന്നു നോക്കാന്‍ പോലും എനിക്കന്ന്‍ തോന്നിയില്ല.... ഒരുപാട് കേട്ട് പരിച്ചയിച്ചെങ്കിലും എന്തോ മിണ്ടാന്‍ ഞങ്ങള്‍ക്ക് രണ്ടാള്‍ക്കും തോന്നിയിലെന്നു തോന്നുന്നു...
പിന്നെയും ദിവസങ്ങള്‍ക്കപ്പുറം departmentനു മുന്നിലെ  ഇടവഴിയില്‍ , അക്കേഷ്യമരങ്ങളുടെ  തണലില്‍ നിന്ന് അവനാദ്യമായ്‌ എന്നോട് സംസാരിച്ചു ..
അങ്ങനെ ഞാനാ വഴിയെ സ്നേഹിച്ചു അവനിലൂടെ...
അക്കേഷ്യമരങ്ങള്‍ക്കിടയില്‍ ഞങ്ങളിരുന്നും നിന്നും നടന്നും പറഞ്ഞ ഒരായിരം കഥകള്‍ . ഈ ലോകം ഞങ്ങളുടേത് മാത്രമാണെന്ന് തോന്നിയ നാളുകള്‍ ..
അവന്‍ വിളിച്ചുണര്‍ത്തിയ പ്രഭാതങ്ങള്‍ , കഥകള്‍ പറഞ്ഞുറക്കിയ രാതികള്‍ . ട്രെയിനിലെ തിരക്കിനിടയില്‍ കൂട്ടിമുട്ടിയ ഞങ്ങളുടെ കവിളുകള്‍ , അവന്‍റെ ഉമ്മകള്‍ കൊണ്ട് നിറഞ്ഞ എന്‍റെ inbox...ഞങ്ങള്‍കിടയില്‍ ദൂരങ്ങളില്ലാതെയായി ,ശ്വാസങ്ങളില്ലതെയായി.. കണ്‍പീലികള്‍ കൂടികലര്‍ന്നു..
അങ്ങനെ പ്രണയം നിറഞ്ഞു തുളുമ്പിയ ഒരു രാത്രിയില്‍ അവന്‍ ചോദിച്ചു
“നിനക്ക് മൂക്കുത്തി ഇട്ടൂടെ”
“അയ്യേ ... പാണ്ടിയായി പോവില്ലേ...?”
“ഇല്ലെടാ നീ ഇട്, എനിക്കിഷ്ടാ പെണ്‍കുട്ട്യോള്‍ മൂക്കുത്തി ഇടുന്നത്”
“അതോണ്ടായിരിക്കും  നിന്‍റെ ലവള്‍ മൂക്കുതിയിട്ടത്‌....”
അപ്പുറത്ത്‌ ഒരു പൊട്ടിച്ചിരിയായിരുന്നു.. ആ ചിരിയില്‍ ഞാന്‍ പങ്കുചേര്‍ന്നെങ്കിലും ഉള്ളിലൊരു വിങ്ങലുണ്ടായി.. മറ്റൊരാള്‍ക്കുള്ള സ്നേഹം ഞാന്‍ കട്ടെടുക്കുന്ന  പോലെ.
പിന്നെ പിന്നെ ഞാന്‍ മൂക്കുത്തിയെ സ്നേഹിച്ചു തുടങ്ങി...മൂക്കുത്തിയിട്ട പെണ്‍കുട്ടികളെ സ്നേഹിച്ചു തുടങ്ങി .. അവന്‍ സ്നേഹിക്കുന്നതിനെയൊക്കെ സ്നേഹിക്കാന്‍ തുടങ്ങി .. പക്ഷെ എത്രയോ രാത്രികളില്‍ ആ സ്നേഹം എന്‍റെ തലയിണയില്‍ കണ്ണീരായി വീണു...
ഹോസ്റ്റലില്‍ ഊഞ്ഞാലാടുന്ന  ഒരു വൈകുന്നേരം...ആരോ പറഞ്ഞു തന്ന പുസ്തകതാളിലെ മൂക്കുത്തികഥ, വായിച്ച് വായിച്ച് കരഞ്ഞതെന്തിണോ ആവട്ടെ... ഒരിക്കലും മൂക്കുത്തിയിടില്ലാ എന്ന തീരുമാനം ആ കണ്ണുനീരിന്‍റെ ഉപ്പ് രസം എനിക്ക് തന്നു..
നായികയോട് മൂക്കുത്തിയിടാന്‍ പറഞ്ഞ കാമുകന്‍ , അവളുടെ മൂക്കുത്തിയില്‍ ഉമ്മ വെക്കാന്‍ കൊതിച്ചവന്‍..ആ കാമുകന്‍ അവനായിരുന്നോ എന്നൊരു തോന്നല്‍...
പിന്നെ അവനെ മറക്കാന്‍ കാരണങ്ങള്‍  തേടിയ രാത്രികള്‍, കൃഷ്ണന്‍റെ മുന്നില്‍ കുമ്പസരിചു കരഞ്ഞ ദിവസങ്ങള്‍ ... അതങ്ങനെ കടന്നു പോയി.... തിരക്കുകള്‍ സൃഷ്ടിച്ചു ഞാനും അവനും കുറേ ദൂരം ഓടി...
അങ്ങനെ തളര്‍ന്നു കിടന്ന ഒരു ഉച്ചയുറക്കത്തില്‍നിന്ന് ഞെട്ടിയെഴുന്നേറ്റപ്പോള്‍ ഓര്‍മ്മ വന്നത് അവന്‍റെ മുഖം...അവന്‍ എന്‍റെ മൂക്കുത്തിയിലുമ്മ വെക്കുന്ന ഒരു സ്വപ്നം.
ഉള്ളിലെവിടെയോ  പെട്ടെന്നൊരു തണുപ്പ് അനുഭവപെട്ടു.. തലയണക്കിടയില്‍ നിന്ന് ഫോണ്‍ എടുത്തു അവന്‍റെ നമ്പര്‍ തപ്പി.. ഒരിക്കല്‍ എന്‍റെ വിരല്‍ത്തുമ്പുകള്‍ക്കു പോലും അറിയാമായിരുന്ന നമ്പര്‍..
ഒരു നീണ്ട ringനു ശേഷം അപ്പുറത്തെ പരിചിതമായ ശബ്ദം.. അവന്റെ സ്ഥിരം hello
“നിനക്ക് എപ്പഴും എന്‍റെ സ്വപ്നത്തീന്നു ഇറങ്ങിപ്പോവാറായില്ലേ...കാലമാടാ”
അപ്പുറത്തെ പൊട്ടിച്ചിരി എന്തോ ഇപ്പൊ എന്നെ ചിരിപ്പിച്ചില്ല... ഒരു വിളറിയ പുഞ്ചിരി മാത്രമായിരുന്നു എന്‍റെ ചുണ്ടില്‍...
മുന്നിലെ ആലമാരയുടെ കണ്ണാടിയില്‍ എന്‍റെ ചിരി ഞാന്‍ കണ്ടു... എന്‍റെ മൂക്ക് കണ്ടു.. മൂക്കുത്തി കുത്താന്‍ പറഞ്ഞ കൂട്ടുകാരന്‍റെ ഓര്‍മ്മക്കായാണ് ഞാന്‍ ഈ മൂക്കിനെ വെറുതെ വിട്ടത്‌.......അവനു വേണ്ടി കുത്തിയ മൂക്കുത്തിയില്‍ മറ്റൊരാള്‍ ഉമ്മ വെക്കുന്നത് ഓര്‍ക്കാന്‍ പോലും  പറ്റാതെ...ഈ ഒഴിഞ്ഞ മൂക്ക് കണ്ട് ഞാനെന്നും അവനെ ഓര്‍ക്കും.....






Wednesday, July 4, 2012

പിറന്നാളറിയാത്ത പെണ്‍ക്കുട്ടി


           


   ഒരു സെപ്റ്റംബര്‍ 16, രാവിലെ കണ്ണ് തുറന്നപ്പോള്‍ തന്നെ ഒരു ചെറിയ ചിരി ചുണ്ടില്‍ വന്നു കൂടി.മൊബൈല്‍ എടുത്തു നോക്കി, സമയം 6.30 ,12..മെസ്സേജുകള്‍...

ഇന്‍ബോക്സ്‌ നിറയെ happy b’day’s....സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയി..രാത്രി 1 മണിക്ക്‌ വിളിച്ച കൂട്ടുകാരിയെ കൂടെ ഓര്‍ത്തു.. അമ്പലത്തില്‍ പോവണം എന്നോര്‍ത്ത് പല്ല് തേപ്പിന്‍റെ വേഗത കൂട്ടി.. ഇന്ന് ശിവനെ കണ്ടു അഡ്ജസ്റ്റ് ചെയ്യണം..നടക്കാന്‍ ദൂരത്തില്‍ കൃഷ്ണനില്ലല്ലോ എന്നൊക്കെ പറഞ്ഞ് ശ്വാസം വിട്ടപ്പോള്‍ മൊബൈല്‍ പാടുന്നു..

“സന്തോഷ ജന്മദിനം കുട്ടിക്ക്‌...”

അകലെയുള്ള സ്ത്രീ ശബ്ദത്തിലെ സ്നേഹം എന്നെ പൊട്ടിച്ചിരിച്ചു....

 ചിരി തീര്‍ത്ത്‌ തിരിഞ്ഞത് അച്ഛന്‍റെ മുന്നിലേക്ക്‌...രാവിലെ തന്നെ ഒരു കത്തി വേഷം കണ്ടു

“നേരം വെളിചാവണെനു മുന്നേ ആ കുന്തം എടുത്ത് ചെവീല്‍ പിടിപ്പിച്ചോ?”

Weekend വിരുന്നുകാരുടെ list തന്നു.. നേരെ നടക്കാം അടുക്കളയിലേക്ക് എന്നും കൂടെ പറഞ്ഞു

അപ്പൊ അമ്പലം???

അടുക്കളയിലെത്തിയപ്പോള്‍ രണ്ടും കല്‍പ്പിച്ച് അമ്പലത്തില്‍ പോണ കാര്യം പറഞ്ഞു...

പിന്നേം കണ്ടു “കീചക വധം”

ഇപ്പൊ അതിനുള്ള സമയല്ല്യ... ഒരുപാട് പണിയിണ്ട്..ഉച്ചയാവുമ്പോ വിരുന്നുകാരെത്തും..

തിരിഞ്ഞ്‌ നടക്കുമ്പോള്‍ കണ്ണില്‍ വെള്ളം നിറയുന്നുണ്ടോ എന്നൊരു സംശയം...എന്‍റെ പിറന്നാള്‍ ഓര്‍ക്കാന്‍ ഇവിടെ ആരും ഇല്ല.... അത്തരം ഓര്‍മ്മകള്‍ ചെലവ് കൂട്ടും എന്നോര്‍ത്തിട്ടാവാം..
അല്ലെങ്കില്‍ തന്നെ ഓര്‍ത്തിട്ടെന്തിനാ.. ഒരു പ്രായം വരെ എനിക്ക് തന്നെ എന്‍റെ പിറന്നാള്‍ എന്നാണെന്നറിയില്ലായിരുന്നു.....

ഷവറില്‍ നിന്നും വെള്ളം വീണുകൊണ്ടേയിരുന്നു... കണ്ണുനീരും പൈപ്പ് വെള്ളവും മിക്സായി ഒഴുകുമ്പോള്‍ പെട്ടന്നൊരു അഞ്ചു വയസ്സുകാരി പെണ്‍കുട്ടി മുന്നില്‍ വന്നു നിന്നു.. കൂടെ ഒരു കോണ്‍വെന്‍റ് സ്കൂളും, സിസ്റ്റര്‍മാരും, ടീച്ചര്‍മാരും...

 സ്കൂള്‍ എന്ന പുതിയ ലോകം ഇഷ്ടപ്പെട്ട പെണ്‍കുട്ടി.... നീലയും വെള്ളയും നിര്‍ബ്ബന്ധമുള്ള ആ സ്കൂളില്‍ ചിലപ്പോഴായ്‌ പുത്തനുടുപ്പിട്ട കുട്ടികളെത്തുന്നു..കൈ നിറയെ മിട്ടായികളുമായി.. എല്ലാവരും എഴുന്നേറ്റു നിന്നു പാട്ട് പാടുന്നു...

     ” Happy b’day to u
         Happy b’day to u
         May the good god  bless u
        Happy b’day to u”

ആദ്യത്തെ അമ്പരപ്പ്‌ പിന്നെ പിന്നെ മാറി.. ഒരുപാട് കുട്ടികള്‍ ..ഒരുപാട് മിട്ടായികള്‍.... ഇതു പോലെ ഒരു ദിവസം എനിക്കും വരും എന്ന് പ്രതീക്ഷയോടെ  ഇരുന്നു...പക്ഷേ വീട്ടിലെ മാമാങ്കത്തിനിടയില്‍ എന്‍റെ ചോദ്യം ഒലിച്ചു പോയി..

അവസാനം കണ്ടു പിടിച്ചു school diaryലെ date of birth കോളം പറഞ്ഞു തന്നു എന്‍റെ happy b’day… .may 22..അപ്പോഴും നിരാശ സ്കൂള്‍ ഇല്ലാത്ത വേനലവധിക്കാലം..അങ്ങനെ അതിലൊന്നും വല്ല്യ കാര്യം കാണാതെ ദിവസങ്ങള്‍ കഴിഞ്ഞു പോയി...happy b’dayക്കാരുടെ എണ്ണവും കൂടി കൂടി വന്നു...

കഴിഞ്ഞു പോയ പിറന്നാളിനു പകരം ഒരു പ്രവൃത്തി ദിവസം പിറന്നാളാഘോഷിച്ച ഒരു കൂട്ടുക്കാരി എനിക്ക് പ്രചോദനമായി.. അങ്ങനെ വീണ്ടും വീട്ടില്‍.. ഞാനും ഒരു പിറന്നാളാഘോഷവും...

“അതൊന്നും അല്ല വല്ല്യ കാര്യം
നീ പഠിക്കാന്‍ നോക്ക്”

എന്തു പറയുമ്പോഴും കേട്ട് മടുത്ത പല്ലവി....അങ്ങനെ ഓരോ പിറന്നാളുകാരനെയും പിറന്നാളുകാരിയെയും അസൂയയോടെ ഞാന്‍ നോക്കിനില്‍ക്കെ ദിവസങ്ങള്‍ കടന്നു പോയി....
Up classലെ ഒരു വേനലവധിക്കാലം... ഒരു വലിയ കണ്ടുപിടിത്തം നടത്തി, ഒരു പുതിയ പിറന്നാള്‍ September 16… ആകെ കൂടെ കണ്‍ഫ്യൂഷന്‍ ഒരാള്‍ക്ക്‌ രണ്ടു പിറന്നാള്‍???

വീണ്ടും വീട്ടിലെത്തി പിറന്നാള്‍ ചോദ്യങ്ങള്‍...

ഞാന്‍ കേള്‍ക്കാത്ത ഒരു മലയാള മാസവും..പിന്നെ എന്‍റെ നക്ഷത്രവും കൂടി ചേര്‍ന്ന എന്തോ ഒരുത്തരം..

പിന്നെയും ഞാനാരായി......???    ശശി........

അങ്ങനെ ഞാന്‍ പിറന്നാളുകാരെ ശ്രദ്ധിക്കാതെയായി...

മലയാളമറിയാത്ത ഒരു സിസ്റ്റര്‍ പഠിപ്പിക്കുന്നു.... ഒരു തിരിഞ്ഞാല്‍ ചിരിച്ചാല്‍ ഇതു വരെ കേള്‍ക്കാത്ത ഇംഗ്ലീഷില്‍ ചീത്ത.. അതുകൊണ്ട് അടങ്ങി ഒതുങ്ങി ഓരോന്ന് ആലോചിച്ച്  വീണ്ടും ഞാനാ പിറന്നാള്‍ മാമാങ്കത്തിലെത്തി...അസ്വസ്ഥയായി...ബെല്‍ അടിച്ചപ്പോള്‍...പോവാന്‍ ഒരുങ്ങുന്ന സിസ്റ്റര്‍ടെ മുന്നില്‍...  എഴുന്നേറ്റു നിന്ന് താങ്ക്യു സിസ്റ്റര്‍ എന്ന് വിളിച്ചു കൂവുന്ന കൂട്ടത്തില്‍ ഞാനും ഒരാളായി...

ഇരിക്കുന്നതിനു മുന്‍പേ പിന്നില്‍ നിന്നും ഒരു തോണ്ടല്‍.. എന്‍റെ ക്ലാസ്സിലെ ഏറ്റവും സുന്ദരി എന്നെല്ലാരും പറയുന്ന പെണ്‍കുട്ടി....

“മീരാ.... എന്നാ നിന്‍റെ b’day?”

ഈ കുരുപ്പ് എവിടുന്നു പൊട്ടി വീണു എന്ന ഡയലോഗ് അറിയാത്ത കാലമായത് കൊണ്ട് ഒരു വിളറിയ ചിരിയോടെ പറഞ്ഞു..

"അറിയില്ല...."

അപ്പൊ അവള്‍ടെ മുഖത്തു കണ്ട അത്ഭുത ഭാവം... പച്ചാളം ഭാസി തോറ്റു പോവും...

മുന്നിലെ ബെഞ്ചിലിരുന്ന് എനിക്ക് കേള്‍ക്കാമായിരുന്നു അവരുടെ ചോദ്യങ്ങള്‍....

"അതെന്താ??? സത്യം.???? അങ്ങനെ വരുമോ?????"

അന്നത്തെ ആ പരിഹാസം, പുച്ഛം.... പിന്നെ ഒന്നിനും എന്നെ അത്രേം സങ്കടപെടുത്താന്‍ പറ്റിയിട്ടില്ല... പിന്നീടൊരിക്കലും അത്തരം ഭാവങ്ങള്‍ക്ക് മുന്നില്‍ തളര്‍ന്നിട്ടും ഇല്ല....സര്‍ട്ടിഫിക്കറ്റിലെ പിറന്നാള്‍ മറന്ന് ഞാന്‍ സെപ്റ്റംബര്‍ 16ന്‍റെ കൂടെ നിന്നു...ഞാന്‍ മാത്രമറിയുന്ന.. എനിക്കായ്‌ ഞാന്‍ സമ്മാനങ്ങള്‍ വാങ്ങി സൂക്ഷിക്കുന്ന ദിവസം.....

വലുതാവുംതോറും കൂട്ടുകാര്‍ എന്ന ലോകം എന്നെ സമ്മാനപോതികളുമായ് കാത്തു നിന്നു....

ഷവര്‍ ഓഫ്‌ ചെയ്ത്...ഡ്രസ്സ്‌ ചെയ്ത്  പുറത്തിറങ്ങിയപ്പോ... കുളിച്ചു കളഞ്ഞ സമയവും... ആ സമയമുണ്ടെങ്കില്‍  നന്നാവാന്‍ പോകുന്ന പഠിത്തവും കരിയറും...പിന്നെ കേരളവും ഒടുക്കം ഇന്ത്യയും.... എന്നത്തേയും പോലെ ഇതെന്നോടല്ല എന്ന് വിചാരിച്ചു ഞാന്‍ അടുക്കളയിലേക്ക് ഓടി...

കോളേജിന്‍റെ ഓഡിറ്റോറിയത്തിനു സൈഡില്‍ ഇരുന്നു കേക്ക്‌ മുറിച്ചു കൂട്ടുകാര്‍ ആഘോഷിച്ച എന്‍റെ സുന്ദരമായ പിറന്നാളാഘോഷം ഓര്‍ത്ത്‌ ഞാന്‍ അടുക്കളയിലിരുന്ന് ചപ്പാത്തി ചുട്ടു........








Tuesday, May 22, 2012

അവന്‍റെ പുസ്തകത്തിന്‍റെ ഉടമ

പൂരപ്പറമ്പിലേക്ക്‌ നോക്കിയത് പോലെ എന്നൊക്കെ പറയാം, എന്‍റെ ഷെല്‍ഫ്‌ കണ്ടാല്‍, അത്രയ്ക്ക്ണ്ട്‌ സാധനങ്ങള്‍.ഇടക്കിടക്ക്‌ അടുക്കി വെച്ചിരുന്നത് ഇപ്പൊ വല്ലപ്പോഴും മാത്രമായി മാറിയിരിക്കുന്നു. ദിവസങ്ങള്‍ക്ക് ശേഷമുളള ഈ അടുക്കി പെറുക്കലുകള്‍ക്കിടയില്‍ നിന്നാണ് എന്‍റെ പുസ്തകക്കൂട്ടങ്ങളില്‍ ഒളിച്ചിരുന്ന ആ കണ്ണുകളെ ഞാ൯ കണ്ടത്‌.വെള്ള ചട്ടയില്‍ നീല മഷി കൊണ്ടെഴുതിയ “നീലിമയേറിയ കണ്ണുകള്‍”.1993ലെ നൊബേല്‍ സമ്മാനജേതാവായ ടോണി മോറിസണിന്‍റെ ‘ദ ബ്ലുയെസ്റ്റ് ഐ’.പുതുമണം വിട്ടു മാറാത്ത ആ പുസ്തകത്തിന്‍റെ ആദ്യത്തെ പേജില്‍ ചുള്ളികാടിന്‍റെ കവിത കുറിച്ചിരിക്കുന്നു.
       “അറിഞ്ഞതില്‍ പാതി
       പറയാതെ പോയി 
       പറഞ്ഞതില്‍ പാതി
       പതിരായും പോയി
       പാതി ഹൃത്തിനാല്‍ നീ
       വെറുത്തിടുമ്പോള്‍
       പാതി ഹൃത്തിനാല്‍ നീ
       ക്ഷമിച്ചു കൊള്‍ക”
 ഒരിക്കല്‍ ഒരാള്‍ തന്‍റെ പ്രണയിനിക്ക് സമ്മാനിച്ച പുസ്തകം.അവളുടെ മനോഹരമായ കണ്ണുകള്‍ക്ക്‌ മുന്നില്‍ അവന്‍ സമര്‍പ്പിച്ച പുസ്തകം. അതെങ്ങനെ എന്‍റെ കയ്യില്‍ വന്നുവെന്നല്ലേ.അതൊരു കഥയാണ്‌.

 ഒരു ഫെബ്രുവരി മാസം,കോളേജ് ഫെസ്റ്റ് നടക്കുന്നു. കേരളത്തിലെ ഏറ്റവും പ്രശസ്തമായ ഒരു എന്‍ജിനിയറിങ കോളേജിലെ പിജി വിദ്യാര്‍ഥികളായ ഞങ്ങള്‍, ഏററവും മുതിര്‍ന്നവ൪, പക്ഷെ അത൦ഗീകരിക്കാ൯ മനസ്സില്ലാതെ ‘കുറച്ചൊക്കെ ഓവര്‍ ആക്കിയാലേ ആളുകള്‍ ശ്രദ്ധിക്കു എന്ന് പറഞ്ഞ് ഓവറാക്കാലിന്‍റെ കൊടുമുടിയില്‍ എത്തിനില്‍ക്കുന്നവര്‍.
രാത്രി ഏകദേശം ഒന്‍പത് ഒന്‍പതര സമയം,ഞങ്ങളുടെ ഓപ്പണ്‍ എയര്‍
ഓഡിറ്റോറിയത്തില്‍ നിന്നും കാര്‍ത്തിക്‌ തന്‍റെ മനോഹരമായ ശബ്ദത്തില്‍ പാടുന്നു.അവന്‍റെ പാട്ടില്‍ മതിമറന്ന് കണ്ണിമ വെട്ടാന്‍ പോലുമാവാതെ ഇരിക്കുന്ന എന്‍റെ മുന്നിലേക്ക്‌ ഒരാള്‍ ഒരു പുസ്തകം വെച്ച് നീട്ടുന്നു, കൂടെ ഒരു വാചകവും “ഇതൊന്ന് സൈറക്ക് പാസ്‌ ചെയ്യോ?”
അപ്പുറത്തെവിടയോ ഒരു സൈറ ഈ പുസ്തകത്തിനു കാത്തിരിക്കുന്നു വെന്നു കരുതി ഞാനത് അടുത്ത ആളിലേക്ക് കൊടുത്തു വിട്ടു.

 പാട്ടൊക്കെ പാടി കാര്‍ത്തിക്കും കൂട്ടരും യാത്രയായി. അങ്ങനെയിരി ക്കുമ്പോള്‍ ദാ ആ പുസ്തകം എന്‍റെ അടുത്തേക്ക്‌ തിരിച്ച് വരുന്നു. അങ്ങനൊരു സൈറ അവിടില്ലത്രേ.. ഇല്ലാതിരിക്കോ? മിക്കവാറും തിരസ്കരിക്കപ്പെട്ടതവും അവന്‍റെ പ്രണയോപഹാരം...

 തിരിചു പോവാന്‍ എഴുന്നേററപ്പോള്‍ ആ കണ്ണുകള്‍ എന്നോട് ചോദിച്ചു,നീയെന്നെ അവളെ ഏല്‍പ്പിക്കുമോ? അതെടുത്ത് നടക്കുമ്പോള്‍ ഒരു തരം വിറയലായിരുന്നു.ആ ആള്‍ക്കൂട്ടത്തില്‍ അവന്‍റെ പുസ്തകവുമായ് അവനെന്നെ കാണുന്നുണ്ടാവുമോ? അവന്‍റെ സൈറ ഞാനല്ലെന്ന്‍ അവനുമറിയാം എനിക്കുമറിയാം..

  പിന്നീടുള്ള ദിവസവങ്ങള്‍ അവളെ അന്വേഷിച്ചായിരുന്നു.ആ പുസ്തക താളുകള്‍ക്കിടയില്‍ അവന്‍ വരച്ച അവളുടെ മുഖം (അവളുടെതയിരിക്കും), അതു നോക്കി ഞാന്‍ പറഞ്ഞ് കൊണ്ടേയിരുന്നു മോളെ സൈറ ഒന്നെന്‍റെ മുന്നില്‍ വരൂ.....
എനിക്കറിയാവുന്ന ഒരു സൈറ,കാണാന്‍ സുന്ദരിയായ അവളായി രിക്കുമോ ഇവള്‍ എന്നോര്‍ത്ത് അവള്‍ക്ക് മുന്നിലെത്തി...കേട്ടപാതി കേള്‍ക്കാത്ത പാതി അവള്‍ പറഞ്ഞു “ഞാനല്ല ചേച്ചി.. എനിക്ക് വായനാശീലവുമില്ല,മലയാളം വായിക്കാന്‍ അറിയേം ഇല്ലാ..” ശരിയാ ഞാനല്ലേ പോട്ടത്തി മലയാളം അറിയാത്ത,അന്‍റ്റാമാന്‍കാരിയായ ഇവളായിരിക്കില്ല അവള്‍...ഉറപ്പാണ്..
ഇനി അങ്ങനെ ഒരാള്‍ ഇല്ലേ?അവനു വല്ല പ്രശ്നവുമുണ്ടോ? തലക്ക്? ഇങ്ങനെ നൂറ്റൊന്നു ചോദ്യങ്ങള്‍ എന്‍റെതലക്കുള്ളില്‍ മിന്നി മറഞ്ഞു..

 മറ്റൊരാളുടെ സമ്മാനം നീയെന്തിനാ സൂക്ഷിക്കുന്നെ എന്നൊക്കെ കൂടെയുള്ളവര്‍ പറഞ്ഞ് തുടങ്ങി..അങ്ങനെ ഞാന്‍ വീണ്ടും ആരംഭിച്ചു “Mission zaira  അതിന് അങ്ങനെ തന്നെ പേരിടണം.

 ഒടുവില്‍ കിട്ടീ’.....കിട്ടീ..... മല... മല... എന്ന് പറഞ്ഞു ഓടാന്‍ തോന്നി...
കാരണം കിട്ടിപ്പോയി ആ പുസ്തകത്തിന്‍റെ ഉടമയെ..

 അങ്ങനെ ഞാനവളെ കാണാന്‍ തീരുമാനിച്ചു.കൂടെ എന്‍റെ ഒരു സഹമുറിയത്തിയെയും കൂട്ടി. രാത്രി ഒരു എട്ടര എട്ടേമുക്കാല്‍ സമയത്ത് കുറച്ചകലെയുള്ള അവളുടെ മുറിയിലേക്ക്‌ ഞങ്ങള്‍ നടന്നു തുടങ്ങി. 35ല്‍ നിന്നും 216 ലേക്ക്‌ അത്യാവശ്യം ദൂരമുണ്ടല്ലോ?പോകുന്ന വഴിക്ക്‌ തിരക്കഥ സംഭാഷണം തയ്യാറാക്കിക്കൊണ്ടിരുന്നു.അവളുടെ മുന്നില്‍ പിടിച്ചു നില്‍ക്കണ്ടേ?

 അവസാനം എത്തി 216 നമ്പര്‍ മുറിയുടെ മുന്നില്‍. അടച്ചിട്ട വാതില്‍.ചെറുതായൊന്നു മുട്ടി. വാതില്‍ തുറന്ന പെണ്‍കുട്ടിയോട്‌ ചോദ്യഭാവത്തില്‍ സൈറ എന്നുപറഞ്ഞു.. സൈറയാണോ അതോ സൈറയുണ്ടോ? ഏതായാലും അവള്‍ ഊഹിച്ചോട്ടെ?
“ഇവിടില്ല, കുളിക്കാന്‍ പോയി ഇപ്പോ വരും...
ശരിയെന്നു പറഞ്ഞു തിരിഞ്ഞു നടക്കാന്‍ തുടങ്ങുമ്പോള്‍ ആ ഇടനാഴിയുടെ അറ്റത്ത്‌ നിന്നും ഒരു പെണ്‍കുട്ടി നടന്നു വരുന്നു, കൈയിലൊരു ബക്കറ്റ്‌,തോളില്‍ തോര്‍ത്തും തുണികളും,അഴിച്ചിട്ട നനഞ്ഞ മുടി. കുളിച്ചു വരുന്നതിന്‍റെ എല്ലാ ലക്ഷണവുമൊത്ത പെണ്‍കുട്ടി..
സൈറ?
 അതെ എന്ന് പറയുന്നതിന് പകരം അവളൊന്നു ചിരിച്ചു.. അനുഷ്ക ഷെട്ടിക്ക് ശേഷം ഞാന്‍ കണ്ട സുന്ദരമായ ചിരി.. വെളുത്ത് മെലിഞ്ഞ് കൊലുന്നനെയുള്ള ഒരു സുന്ദരി.. നീലയല്ലെങ്കിലും സുന്ദരമായ കണ്ണുകള്‍.ഞാനവളെ തന്നെ നോക്കി നിന്നു.. വീഴല്ലേ കൃഷ്ണാ.. അല്ലെങ്കില്‍ കൃഷ്ണന്‍ വേണ്ട.. എന്‍റെ അയ്യപ്പാ......
നേരത്തെ പഠിചു വന്ന വാചകങ്ങള്‍ ഞാനവള്‍ക്ക്‌ മുന്നില്‍ തന്മയത്വത്തോടെ അവതരിപ്പിച്ചു.. അവളുടെ ചിരി മാഞ്ഞു സാധാരണ പോലെയായി.. അസാധാരണമായ എന്തെങ്കിലും സംഭവിക്കുമോ എന്നാ പേടിയുമായ് നില്‍കുമ്പോള്‍ അവള്‍ പറഞ്ഞു
    “ അത് ഞാന്‍ തിരിച്ച് കൊടുത്തതാ
      എനിക്ക് വേണ്ട...”
  ഹോ സീനിയറായത് ഭാഗ്യം എന്നോര്‍ത്ത് ഞങ്ങള്‍ തിരിച്ച് നടന്നു..
സ്റ്റെപ്പുകള്‍ ഇറങ്ങുമ്പോള്‍ ഞാനവനോട് പറഞ്ഞു നിന്‍റെ സമ്മാനത്തിന് എന്‍റെ അടുത്ത് നില്‍ക്കാനാ യോഗം....
സ്റ്റെപ്പുകള്‍ ഇറങ്ങി തീരുന്നതിനു മുന്‍പ് കറന്‍റ് പോയി.. ഇരുട്ടത്ത് കൂട്ടിമുട്ടാതിരിക്കാന്‍ ഞാനൊരു പാട്ടു പാടിത്തുടങ്ങി..
     “രാത്രി ശുഭരാത്രി
      ഇനിയെന്നും ശിവരാത്രി
      ജന്മം പുനര്‍ജന്മം”
കൂടെയുള്ളവള്‍ എന്‍റെ വായ പൊത്തി പിടിക്കാന്‍ ശ്രമിച്ചു...പക്ഷെ ഞാന്‍ വിട്ടുകൊടുത്തില്ല.. ഉറക്കെ..ഉറക്കെ..പാടി..
     ഓ.. പ്രിയേ..ഓ....പ്രിയേ..
     ഓ..ഓ..പ്രിയേ..









Thursday, May 17, 2012

എന്റെ പ്രണയം




ജനാലകമ്പികള്‍ക്കിടയില്‍
വിരലോടിച്ച്
നീളമേറിയ വഴികളില്‍
കണ്ണും  നട്ടിരുന്നപ്പോള്‍
യൌവ്വനം വിട്ടകന്ന
ആ പാതകളില്‍
ഞാന്‍ കണ്ടത്
വിണ്ടുകീറിയ പ്രതീക്ഷകളായിരുന്നു
ഉതിര്‍ന്നു വീഴുന്ന
നീര്‍കണങ്ങള്‍ക്കൊപ്പം
കൊഴിഞ്ഞു പോയത്
പഴക്കമേറിയ പുഞ്ചിരിയായിരുന്നു

എന്നിലേക്കാഞ്ഞടിച്ച
കാറ്റിനെന്തേ
എന്‍റെ മിഴിനീരില്‍
ഒന്ന് തലോടാന്‍
കഴിയാതെ പോയി
അശ്വാസമായൊരു മൂളല്‍
എന്‍റെ ചെവിയില്‍
ഓതാന്‍ കഴിയാതെ പോയി
പക്ഷെ....
ആ കാറ്റിനോടെനിക്ക്
പ്രണയമായിരുന്നു
നനഞ്ഞുപോയ
കണ്തടങ്ങളില്‍ നേരിയ
തണുപ്പേല്ക്കുമ്പോള്‍
ആരോ എന്നില്‍ മന്ത്രിച്ചു
അത് വെറും കാറ്റല്ലേ
നിന്‍റെ നിശ്വാസങ്ങളേറ്റു
വാങ്ങാന്‍  പോലും മടിച്ചവള്‍
എന്നിട്ടും.....
എനിക്കാ കാറ്റിനോട്
പ്രണയമായിരുന്നു

എന്‍റെ സ്വപ്നങ്ങള്‍ക്കെന്നും
മഴവില്ലിന്റെ ചാരുതയായിരുന്നു
നിറഭേദങ്ങല്‍ക്കിടയിലും
ആര്‍ദ്രത സൂക്ഷിച്ചവയായിരുന്നു
എന്‍റെ പ്രതീക്ഷകള്‍ക്കൊരു
താങ്ങായ്
ഉള്ളിലൊരു നേര്‍ത്ത വെട്ടമായ്
മാറിയവയായിരുന്നു
നീലാകാശം പോലെ
അനന്തമായിരുന്നു
അജ്ഞാതമായ വേരുകളില്‍
തളിര്‍ത്തവയയായിരുന്നു
ഒരു നേര്‍ത്ത പുഞ്ചിരിയുമായ്‌
മേല്ലെയുണരുമ്പോള്‍
എന്‍റെ ചെവിയിലാരോ
മെല്ലെയോതി
അവ വെറു സ്വപ്നങ്ങളല്ലേ
നിന്‍റെ കണ്ണുനീരിനു മുന്നില്‍
തിരിഞ്ഞു നില്ക്കുന്നവ
എന്നിട്ടും
ഞാനവയെ പ്രണയിച്ചു
എന്‍റെ ഉള്ളിലെ
പ്രണയം മുഴുവനും നല്‍കി

ചിതലരിച്ച പുസ്തകകെട്ടുകള്‍ നോക്കി
നിസംഗമായി പുഞ്ചിരിക്കുമ്പോള്‍
അവയിലെ വരികളില്‍
ഞാന്‍ കണ്ട അവജ്ഞ
അതെന്നോടായിരുന്നു
തുളുമ്പുന്നമിഴികളില്‍
ഒന്ന് തലോടാന്‍
വരുമാരെങ്കിലും
എന്ന പ്രതീക്ഷയായിരുന്നു
ഏകാന്തതയില്‍ കിനിഞ്ഞിറങ്ങിയ
നിര്‍വികാരതയില്‍
വിളറിയ മോഹങ്ങള്‍
ചെറുതായനങ്ങിയപ്പോള്‍
ഞാനോര്‍ത്തത് നിന്‍റെ
സാമീപ്യമായിരുന്നു
എന്‍റെ ഒറ്റപ്പെടലുകളില്‍
കൂട്ടിരുന്നത്
നിന്നില്‍ നിന്നടര്‍ന്ന വാക്കുകളായിരുന്നു
നീ പൊഴിച്ച പുഞ്ചിരിയായിരുന്നു
എന്നെ അറിഞ്ഞതും
നീയായിരുന്നു
എന്നിട്ടും
ഞാനെന്തേ നിനക്ക് മുന്നില്‍
കണ്ണടച്ചു
എനിക്കെന്തേ നിന്നെ
പ്രണയിക്കാന്‍ കഴിയാതെ പോയി
എന്‍റെ ഹൃദയമിടിപ്പുകള്‍
മെല്ലെ മന്ത്രിച്ചു
അത്  ജീവിതമല്ലേ
ഞാനും സ്വയമാശ്വസിച്ചു
അതായിരിക്കും ജീവിതം........

Wednesday, May 9, 2012

അവള്‍....... എന്‍റെ പ്രിയപ്പെട്ടവള്‍...

തിരുവനന്തപുരം റെയില്‍വേ സ്റ്റേഷന്‍റെ ladies waiting room-ല്‍ ഇരികുമ്പോള്‍ എനിക്കൊര്‍ക്കാന്‍ ഒരുപാട് കാര്യങ്ങളുണ്ടായിരുന്നു.
എന്നെ വെറുപ്പിച്ച ഈ നഗരം ,തിരിച്ചു പോവാന്‍ പറ്റാതെ ഹോസ്റ്റലിലെ ബാത്ത്റൂമില്‍ നിന്ന് ഞാന്‍ കരഞ്ഞ രാത്രികള്‍ , എന്നിട്ടും എന്തോ 
ഒരിഷ്ടം. ചില കാര്യങ്ങള്‍, ചിലര്‍.... അവരെ   എനിക്ക്  സമ്മാനിച്ചത്‌ ഈ  നഗരമായിരുന്നു.

   സമയം 7.45 pm, mangalore express എത്താനുള്ള സമയമായി,ചിലപ്പോള്‍ എത്തിയിട്ടുണ്ടാവും.
ഒരു നീണ്ട വെക്കേഷന്‍ അല്ലാത്തത് കൊണ്ട് no luggage,no friends......ഞാന്‍ മാത്രം....

പലപ്പോഴും പലതും ഓര്‍ത്ത് നടന്ന്‍ വഴി തെറ്റിയിട്ടുണ്ട്..പക്ഷെ ഇന്നെനിക്ക്‌ തെറ്റിയതല്ല, ഒരുപാട്‌ പരിചയമുള്ള ഒരു മുഖം.....അതാണെന്നെ വഴി തെറ്റിച്ചത്..
          കാരണം, ആ മുഖമെന്നെ ഓര്‍മിപ്പിച്ചത് ഏകദേശം  ഒരു വര്‍ഷം മുന്‍പ് അവളെന്നോട്  ചോദ്യമായിരുന്നു.
 
                                 "ചേച്ചിക്ക് ഒരു samനെ അറിയോ?
                                   എന്‍റെ senior ആണ്."
ഓര്‍മയിലെവിടെയെങ്കിലും  അങ്ങനെ ഒരു sam ഉണ്ടോ  എന്ന് പരതി.പക്ഷേ കിട്ടിയില്ല... അന്നത്തെ ആ രാത്രിക്ക് ശേഷം ഞാന്‍ പലവട്ടം കേട്ട പേരായിരുന്നു സാം.ആ മുറിയിലെ ചുമരുകളില്‍ അങ്ങോളമിങ്ങോളം ഞാന്‍ കണ്ട ചിത്രങ്ങള്‍,  വാചകങ്ങള്‍ , കവിതകള്‍ എല്ലാം അവസാനിച്ചിരുന്നത് ഒരേ ഒരു പേരിലായിരുന്നു.....സാം......

                     "ആരായിരിക്കും അയാള്‍?"
ഈ ചോദ്യം പലവട്ടം ചോദിച് ക്ലാസിലിരുന്നു സ്വപനം കണ്ടു , വഴിയില്‍ അങ്ങോളമിങ്ങോളം തിരഞ്ഞു. രാത്രികളോളം  കണ്ണും മിഴിച്  ആലോചിച്ചിട്ടുണ്ട് അങ്ങനെ ഒരാള്‍ ഞാന്‍ താമസിച്ച സ്ഥലത്തിനടുത്ത് ഉണ്ടായിരുന്നോ? എന്തോ അതൊരു വല്ല്യ quetion mark ആയി....

ഒരിക്കല്‍ കാണാന്‍ അത്രയേറെ ആഗ്രഹിച്ച ആ മുഖമായിരുന്നു ഇന്നെന്നെ ക്രോസ് ചെയ്തു പോയത്‌... അങ്ങനെയാണെനിക്ക്  വഴി തെറ്റിയത്..........

തിരികെ സ്റ്റെപ്സ്   കയറി പോകുമ്പോള്‍ ഞാനോര്‍ത്തത് അവളെ കുറിച്ചായിരുന്നു...
അതെ അവള്‍........ എന്‍റെ പ്രിയ്യപ്പെട്ടവള്‍....

തിരിച്ചു കിട്ടണം എന്നാഗ്രഹിക്കാതെ , അധികം പരിചയം പോലും ഇല്ലാത്ത sam എന്ന സീനിയറെ ജീവനെപ്പോലെ  സ്നേഹിച്ചവള്‍.

എന്തിനാണ് ഇങ്ങനെ ഒരിഷ്ടം എന്നവള്‍ ചോദിച്ചിട്ടുണ്ട്‌.... അതിലുമധികം ഞാന്‍ സ്വയം ചോദിച്ചിട്ടുണ്ട്... എന്തിനായിരിക്കും...
എന്നും കുറ്റമേല്‍ക്കാന്‍ ഒരാളുണ്ടല്ലോ.... പ്രായം......
അതെ പ്രായത്തിന്‍റെ കുഴപ്പം.

**********************************************
പലപ്പോഴും അവള്‍ തന്ന promises
"ഇനി ഞാനവനെ ശ്രദ്ധിക്കില്ല......"     

വൈകുന്നേരങ്ങളില്‍ ചായക്കൊപ്പം ഞങ്ങള്‍ നുകര്‍ന്നിരുന്ന ചെറിയ ചെറിയ സന്തോഷങ്ങള്‍,
അതില്‍  നല്ലൊരു ശതമാനവും അവള്‍ടെ promises ആയിരുന്നു.
ഇനി നോക്കില്ലന്നു സത്യം ചെയ്തു പോയവള്‍, വൈകുന്നേരം ഞാനിന്നു ശ്രദ്ധിച്ചേ ഇല്ലെന്നു പറയുമ്പോഴും...
ഇന്നവന്‍റെ white t-shirtന്‍റെ  ബാക്കില്‍ എന്തോ എഴുതിയിരുന്നു എന്ന് കൂടി ചേര്‍ക്കും.......
പിന്നെ ചിരിക്കാന്‍ വേറെന്തു വേണം.......
അവളുടെ വര്‍ണ്ണനകളില്‍ മാത്രം ഒതുങ്ങി നിന്നു അവന്‍...
നല്ല ഭംഗിയുള്ള മുടിയുള്ള, താടി വെച്ച ഒരാള്‍....
അവളുടെ ഇഷ്ടം ലോകം മുഴുവന്‍ അറിഞ്ഞിട്ടും അറിയാതെ പോയവന്‍.. അറിയില്ലെന്നു  നടിച്ചവന്‍.
താടിയും മുടിയും മാത്രമാണവളുടെ പുരുഷസങ്കല്‍പം എന്നത്രയോ വട്ടം കളിയാക്കി......
പാവം ദയനീയമായി ചിരിച്ചു തരുമായിരുന്നു.

പക്ഷെ അവന്‍ ഞങ്ങള്‍ പ്രതീക്ഷിച്ച പോലെ ഒന്നും ആയിരുന്നില്ല.ഒരു രാത്രി ഒട്ടും പ്രതീക്ഷിക്കാതെ അവള്‍ക്ക് വേണ്ടി സംസാരിക്കേണ്ടി വന്നപ്പോള്‍ അങ്ങനെയൊന്നും  ഒരിക്കലും ചിന്തിക്കില്ലെന്നു പറഞ്ഞ  അവനോട് ബഹുമാനം തോന്നി.അവളുടെ ഇഷ്ടത്തെ പരിഹസിക്കമായിരുന്നു അല്ലെങ്കില്‍ പറ്റിക്കാമായിരുന്നു... എന്നിട്ടും അവന്‍ ഉപദേശിച്ചു...ജീവിതത്തെക്കുറിച്ച്,
അച്ഛനമ്മമാരെ പറ്റി..... പിന്നീടതൊരു ചീത്ത പറച്ചിലായ്  മാറിയെങ്കിലും
ശരിക്കും എന്‍റെ മനസ്സില്‍ അവനൊരു hero ആയി.

ഇനി ഒരിക്കലും ആരും 'സ' എന്ന് പോലും പറയരുത് എന്ന് താക്കീതു ചെയ്തു..
പക്ഷെ പലപ്പോഴും ഞങ്ങള്‍ തന്നെ അത് മറന്നു... അവന്‍ ഞങ്ങള്‍ടെ ഏറ്റവും  interesting topic  ആയിരുന്നു.

പിന്നെ പിന്നെ അവള്‍ മറന്നുവെന്ന് ഞങ്ങള്‍ കരുതി......
പക്ഷെ  ഞാനവനെ കൂടുതല്‍ കൂടുതല്‍ സ്നേഹിക്കുന്നു എന്ന ഉത്തരമാണ് അവളില്‍ നിന്നും കിട്ടിയത്‌..
ചീത്ത പറഞ്ഞു , ഒരുപാട്..
എന്നാലുംഎനിക്ക് സന്തോഷമുണ്ടായിരുന്നു....
അവള്‍ക്കെ പറ്റു ഇങ്ങനൊക്കെ...
                    ****************************************************
തിരുവനന്തപുരത്തെ പല രാത്രികളിലും എനിക്കേറെ miss ചെയ്തിരുന്നത് അവളുടെ സ്വപ്നങ്ങളായിരുന്നു.
ഇങ്ങനെ സ്നേഹിക്കാന്‍ എനിക്കായില്ലല്ലോ എന്ന് തോന്നിപ്പിക്കുന്ന അവളുടെ വാക്കുകളായിരുന്നു.......

mangalore express എനിക്ക് വേണ്ടി കാത്ത് നില്കില്ലല്ലോ.... ഞാന്‍ നടന്നു plat form No:3ലേക്ക്‌.
അവളെഴുതിയ കവിതയോര്‍ത്ത് ഇരിക്കുമ്പോള്‍വെറുതെ എന്‍റെ മനസ്സ് പറഞ്ഞു

"sam, നിനക്കൊരിക്കല്‍ നഷ്ടബോധം തോന്നും".