Saturday, May 18, 2013

രണ്ടറ്റത്തെ രണ്ടു പേര്‍

   തിരുവനന്തപുരം റെയില്‍വേ സ്റ്റേഷന്‍, 8.40ന്‍റെ മംഗലാപുരം എക്സ്പ്രസ്സനുവേണ്ടി ഓടുമ്പോള്‍ എനിക്ക് തോന്നി ഈ ജില്ലക്കാര്‍ മുഴുവന്‍ ഇവിടാണോ താമസം. കാല് വെക്കാന്‍ സ്ഥലം ഇല്ല.തിരക്കിലൂടെ നുഴഞ്ഞു കയറി 2 മാസികകളും വാങ്ങിച്ച്‌ ഞാന്‍ ലെഡീസ് കമ്പാര്‍ട്ട്‌മെന്റില്‍ സീറ്റ്‌ പിടിച്ചു.
  വന്നിരിക്കുന്ന ആളുകളെ നോക്കി രസിക്കുന്നതിനിടയിലാണ് ജനലില്‍ RCCയുടെ കവര്‍ തൂക്കുന്ന ഒരു സ്ത്രീയെ ശ്രദ്ധിച്ചത്, സ്ത്രീ എന്ന് പറയാറായിട്ടില്ല പക്ഷെ പെണ്കുട്ടിയുമല്ല. വെളുത്ത് മെലിഞ്ഞു അല്പം പല്ല് പൊങ്ങിയ ഒരാള്‍. കരഞ്ഞു കലങ്ങിയ കണ്ണുകളും വീര്‍ത്ത മുഖവും, അതിലെന്തോ  പന്തികേട് തോന്നി. അവളുടെ കൂടെ വന്നിരിക്കുന്ന അവളെ പോലെ മറ്റൊരുവള്‍, അനിയത്തിയാവാം. സീറ്റില്‍ തലചായ്ച്ചു വെച്ച് അവളും കരയുന്നു. ഞാന്‍ അവരെ രണ്ടു പേരെയും മാറി മാറി നോക്കി. ഇവരില്‍ ആര്‍ക്കായിരിക്കും കാന്‍സര്‍,അതായിരുന്നു എന്നെ അലട്ടിയ ചോദ്യം.
  പെട്ടെന്ന് പ്രായം ചെന്നൊരു സ്ത്രീ ഒരു കുഞ്ഞു മോനെ അതിലൊരാള്‍ക്ക് കൈമാറി. അവള്‍ അവനെ മാറോട് ചേര്‍ത്ത് പാല് കൊടുക്കാന്‍ തുടങ്ങി. ഇനിയും അങ്ങോട്ട്‌ നോക്കിയിരുന്നാല്‍ അത് മോശമാവും എന്നോര്‍ത്ത് ഞാന്‍ പുറത്തേക്കു നോക്കിയിരുന്നു.
5 മിനുട്ടിന് ശേഷം അവന്‍റെ കരച്ചില്‍ കേട്ടാണ് ഞാന്‍ വീണ്ടും തിരിഞ്ഞത്. അവനെ നോക്കി പുഞ്ചിരിക്കുന്നതിനിടയിലാണ് അവന്‍റെ തലയില്‍ അങ്ങിങ്ങായി
സ്ടിച് ചെയ്ത പാടുകള്‍ കണ്ടത്‌.. അവന്‍റെ അമ്മ വായിലേക്ക്‌ തുള്ളി മരുന്ന്‍ ഇറ്റിച്ചു കൊടുക്കുന്നു. അതിന്‍റെ ടേസ്റ്റ് ഇഷ്ടപെടാഞ്ഞിട്ടാവാം അവന്‍ അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞു കരയുന്നത്.ഒരു വയസ്സ് പോലും തികഞ്ഞിട്ടില്ലാത്ത അവനാണ് അസുഖം എന്നു വിശ്വസിക്കാന്‍ പോലും പറ്റാതെ ഞാന്‍ കുറച്ച് നേരം അവനെ തന്നെ നോക്കി നിന്നു.
പിന്നെപ്പഴോ അവന്‍ ഉറങ്ങി , ഞാന്‍ ഉറങ്ങി.. വണ്ടിയില്‍ തിരക്കും കൂടി.
ഷൊര്‍ണൂരില്‍ ഇറങ്ങാന്‍ സമയം,തിരക്കില്‍ തലയിട്ട് ഞാന്‍ ഒന്നുകൂടി അവനെ നോക്കി ..അവനു നല്ലത് വരട്ടെ എന്ന് പ്രാര്‍ത്ഥിച്ചു.
നല്ല തണുപ്പില്‍ ഏട്ടെന്‍റെബൈക്കിനു പിന്നിലിരുന്ന് വീട്ടിലേക്ക്‌ പോവുമ്പോള്‍ മനസ്സുനിറയെ അവിടെ എന്നെ കാത്തിരിക്കുന്ന വിഭവസമൃദ്ധമായ ഭക്ഷണമായിരുന്നു. പക്ഷെ ഡൈനിങ്ങ്‌ ടേബിളില്‍ ഞാന്‍ കണ്ടത്‌ ഒരു പെട്ടി മഞ്ച് ആയിരുന്നു.
“ഇതെന്താ അച്ഛാ ഇത്രയധികം”
“ഇതു അമ്മ പോവുമ്പോ കൊണ്ടോവാന, ഉണ്ണിക്ക്. അവനു അവിടത്തെ മിട്ടായികള്‍ തിന്നു മടുത്തത്രേ.. ഇപ്പോ ഇതിനോടാ കമ്പം”
ദുബായിലെ പേരക്കുട്ടിക്ക്, മാര്‍സും സ്നികേര്‍സും ഒക്കെ തിന്നു മടുത്ത അവനിപ്പോ ഇന്ത്യയിലെ പാവപ്പെട്ടവന്‍റെ മഞ്ചിനോടായ്‌ കമ്പം.
പല്ല് തേച്ചുകൊണ്ടിരിക്കെ.. കണ്ണാടിയില്‍ ഒരു മൊട്ടത്തലയന്‍ കുഞ്ഞുവാവ വന്നെന്നെ നോക്കി പൊട്ടിച്ചിരിച്ചു..