Tuesday, May 8, 2012

മഴ കുറിപ്പുകള്‍.....

  ഒരിക്കല്‍ ഒരു രാത്രി മുഴുവനും ഞാന്‍ കാത്തിരുന്നിട്ടുണ്ട്‌, ഒരു ഫോണ്‍ കോളിനു വേണ്ടി.
മഴ തോരാന്‍ എവിടെയോ കയറി നിന്ന ഒരു കൂട്ടുകാരന്‍റെ ഫോണ്‍ കോള്‍.പക്ഷെ ആ കാത്തിരിപ്പെന്നെ നിരാശപ്പെടുതിയപ്പോള്‍ എനിക്ക് തോന്നി ആ മഴ പെയ്തത് എന്‍റെ കണ്ണുകളിലൂടെയായിരുന്നു.
      കണ്ണുകള്‍ മെല്ലെയടക്കുമ്പോള്‍ ആ നിശബ്ദദതയിലിരുന്ന്‍  എനിക്ക് കേള്‍ക്കാം പുറത്ത്‌ മഴ പെയ്യുന്നത്;
ഒരുപക്ഷെ എനിക്ക് വേണ്ടിയായിരിക്കും....
ഓരോ മഴക്കാലവും നമുക്ക് വേണ്ടി അല്ലെ....???

ഒരു മഴക്കാലത്ത്‌ അമ്മേടെ തറവാട്ടില്‍ പോയപ്പോള്‍ കാറ്റടിച്ച് പാടത്ത് വീഴാന്‍ പോയതും,മഴ കൊണ്ട് മുഖം
വേദനിച്ചതുമൊക്കെ ഓര്‍ക്കുമ്പോള്‍ തോന്നാറുണ്ട് മഴയെന്നും അവസരമറിഞ്ഞു പെയ്യാറുണ്ടെന്ന്.എന്നാലും അന്നാ പാടത്ത്  ഞങ്ങള്‍ ഒരുപാട് സന്തോഷിച്ചു.. ശരിക്കും ആ വഴി പോയവരെ കൊണ്ടൊക്കെ പറയിപ്പിച്ചു...
എല്ലാ മഴക്കാലത്തും അവധികള്‍ വരാന്‍ കൊതിച്ചതും അതു കൊണ്ടായിരുന്നു.
   കാത്തിരുന്ന മഴക്കാലം വീണ്ടും വന്നപ്പോള്‍, വീണ്ടും തറവാട്ടില്‍ പോയപ്പോള്‍  പക്ഷെ അതൊരു അവധിക്കാല  ആഘോഷത്തിനായിരുന്നില്ല...ഇന്നെല്ലാവരും  ഒത്തുകൂടുന്നത് ആഘോഷങ്ങളെക്കാള്‍ ആരുടെയെങ്കിലും മരണങ്ങള്‍ക്കല്ലേ???  എന്നിട്ടും ഞങ്ങള്‍ , കുട്ടികള്‍ ആ മഴക്കാലവും  പഴയതുപോലെയാക്കി.
അന്ന് അടിച്ചുപോളികള്‍ക്കുപരി നീന്തല്‍ എന്ന അഭ്യാസം വശത്താക്കണം എന്ന ലക്ഷ്യവുമുണ്ടായിരുന്നു.
ആ ലക്ഷ്യത്തിലെത്തുക അത്ര അത്ര എളുപ്പമല്ലെന്ന് പല പ്രാവിശ്യം വെള്ളം കുടിച്ചപ്പോഴാണ് എനിക്ക് മനസ്സിലായത്‌... ഇന്നും എനിക്ക്  നീന്തലിന്‍റെ തിയറി മാത്രേ അറിയൂ....അത് കൊണ്ട്  തന്നെ അതിന്‍റെ പ്രാക്ടിക്കല്‍  അറിയുന്നവരോട് എന്തോ ഒരാരാധന..
         വര്‍ഷങ്ങള്‍ക്കു ശേഷം, മഴയില്‍ കുതിര്‍ന്ന ഒരു ജൂലൈ മാസത്തിലാണ്  ഞാന്‍ ഫറൂഖാബാദിലെത്തിയത്..
എന്നെ അമ്പരപ്പിച്ച രാജാ ഗെറ്റ്, മാടി വിളിച്ച അബു സബ്ബാഹ് ലൈബ്രറി കോമ്പ്ലെക്സ്, പുഞ്ചിരിയോടെ എന്നെ വരവേറ്റ ഒട്ടേറെ മുഖങ്ങള്‍.... എല്ലാം ഒരു മഴക്കാലത്തിന്‍റെ ഓര്‍മയാണ്.

     മഴയുള്ള വൈകുന്നേരങ്ങളില്‍ ബസ്‌ സ്റ്റോപ്പിലെ തിരക്കില്‍ നിന്ന്‍ അറിയാത്ത വിഷയങ്ങളെ പറ്റി സംസാരിക്കുമ്പോഴും,പോട്ടിചിരിക്കുമ്പോഴും ഒരിക്കലും ഓര്‍ത്തിരുന്നില്ല ഇതൊക്കെ ജീവിതത്തിലെ ഏററവും വിലപ്പെട്ടനിമിഷങ്ങളാനെന്ന്‍.
      ഒരു കുടക്കീഴില്‍ കൊള്ളാവുന്നതിലധികം തലകള്‍ കൊള്ളിച്ചെന്നെ വീര്‍പ്പ് മുട്ടിച്ചവര്‍,ജീവിതത്തിന്‍റെ ആസ്വാദനമെഴുതാന്‍  പഠിപ്പിച്ചവര്‍....എന്‍റെ കൂട്ടുകാര്‍....
   ചില  സൗഹൃദങ്ങള്‍ അങ്ങനെയാണ്.... ചാറ്റല്‍  മഴ പോലെ......
 കഴിഞ്ഞു പൊയ ഒരുപാട്  മഴക്കാലങ്ങളെ ഓര്‍ത്ത്‌ കണ്ണ് നിറഞ്ഞപ്പോഴാണ്  ഞാന്‍ സമയം  നോക്കിയത്, രാവിലെയായി, 5  മണിയായി.
 മഴ  നനയാതെ എന്‍റെ സുഹ്രുത്ത് വീടെത്തിയിരിക്കും എന്ന സമാധാനത്തോടെ ഞാന്‍ തുടങ്ങട്ടെ മറ്റൊരു  ദിവസം...


2 comments: