Thursday, May 17, 2012

എന്റെ പ്രണയം




ജനാലകമ്പികള്‍ക്കിടയില്‍
വിരലോടിച്ച്
നീളമേറിയ വഴികളില്‍
കണ്ണും  നട്ടിരുന്നപ്പോള്‍
യൌവ്വനം വിട്ടകന്ന
ആ പാതകളില്‍
ഞാന്‍ കണ്ടത്
വിണ്ടുകീറിയ പ്രതീക്ഷകളായിരുന്നു
ഉതിര്‍ന്നു വീഴുന്ന
നീര്‍കണങ്ങള്‍ക്കൊപ്പം
കൊഴിഞ്ഞു പോയത്
പഴക്കമേറിയ പുഞ്ചിരിയായിരുന്നു

എന്നിലേക്കാഞ്ഞടിച്ച
കാറ്റിനെന്തേ
എന്‍റെ മിഴിനീരില്‍
ഒന്ന് തലോടാന്‍
കഴിയാതെ പോയി
അശ്വാസമായൊരു മൂളല്‍
എന്‍റെ ചെവിയില്‍
ഓതാന്‍ കഴിയാതെ പോയി
പക്ഷെ....
ആ കാറ്റിനോടെനിക്ക്
പ്രണയമായിരുന്നു
നനഞ്ഞുപോയ
കണ്തടങ്ങളില്‍ നേരിയ
തണുപ്പേല്ക്കുമ്പോള്‍
ആരോ എന്നില്‍ മന്ത്രിച്ചു
അത് വെറും കാറ്റല്ലേ
നിന്‍റെ നിശ്വാസങ്ങളേറ്റു
വാങ്ങാന്‍  പോലും മടിച്ചവള്‍
എന്നിട്ടും.....
എനിക്കാ കാറ്റിനോട്
പ്രണയമായിരുന്നു

എന്‍റെ സ്വപ്നങ്ങള്‍ക്കെന്നും
മഴവില്ലിന്റെ ചാരുതയായിരുന്നു
നിറഭേദങ്ങല്‍ക്കിടയിലും
ആര്‍ദ്രത സൂക്ഷിച്ചവയായിരുന്നു
എന്‍റെ പ്രതീക്ഷകള്‍ക്കൊരു
താങ്ങായ്
ഉള്ളിലൊരു നേര്‍ത്ത വെട്ടമായ്
മാറിയവയായിരുന്നു
നീലാകാശം പോലെ
അനന്തമായിരുന്നു
അജ്ഞാതമായ വേരുകളില്‍
തളിര്‍ത്തവയയായിരുന്നു
ഒരു നേര്‍ത്ത പുഞ്ചിരിയുമായ്‌
മേല്ലെയുണരുമ്പോള്‍
എന്‍റെ ചെവിയിലാരോ
മെല്ലെയോതി
അവ വെറു സ്വപ്നങ്ങളല്ലേ
നിന്‍റെ കണ്ണുനീരിനു മുന്നില്‍
തിരിഞ്ഞു നില്ക്കുന്നവ
എന്നിട്ടും
ഞാനവയെ പ്രണയിച്ചു
എന്‍റെ ഉള്ളിലെ
പ്രണയം മുഴുവനും നല്‍കി

ചിതലരിച്ച പുസ്തകകെട്ടുകള്‍ നോക്കി
നിസംഗമായി പുഞ്ചിരിക്കുമ്പോള്‍
അവയിലെ വരികളില്‍
ഞാന്‍ കണ്ട അവജ്ഞ
അതെന്നോടായിരുന്നു
തുളുമ്പുന്നമിഴികളില്‍
ഒന്ന് തലോടാന്‍
വരുമാരെങ്കിലും
എന്ന പ്രതീക്ഷയായിരുന്നു
ഏകാന്തതയില്‍ കിനിഞ്ഞിറങ്ങിയ
നിര്‍വികാരതയില്‍
വിളറിയ മോഹങ്ങള്‍
ചെറുതായനങ്ങിയപ്പോള്‍
ഞാനോര്‍ത്തത് നിന്‍റെ
സാമീപ്യമായിരുന്നു
എന്‍റെ ഒറ്റപ്പെടലുകളില്‍
കൂട്ടിരുന്നത്
നിന്നില്‍ നിന്നടര്‍ന്ന വാക്കുകളായിരുന്നു
നീ പൊഴിച്ച പുഞ്ചിരിയായിരുന്നു
എന്നെ അറിഞ്ഞതും
നീയായിരുന്നു
എന്നിട്ടും
ഞാനെന്തേ നിനക്ക് മുന്നില്‍
കണ്ണടച്ചു
എനിക്കെന്തേ നിന്നെ
പ്രണയിക്കാന്‍ കഴിയാതെ പോയി
എന്‍റെ ഹൃദയമിടിപ്പുകള്‍
മെല്ലെ മന്ത്രിച്ചു
അത്  ജീവിതമല്ലേ
ഞാനും സ്വയമാശ്വസിച്ചു
അതായിരിക്കും ജീവിതം........

No comments:

Post a Comment