Thursday, July 16, 2015

ഇന്നലെ,ഇന്ന്‍,നാളെ


ഇന്നലെ

ഇഷ്ടമായിരുന്നു 
  നിന്നിലേക്ക്‌  ചാഞ്ഞിരുന്നു 
  സ്വപ്നം കാണാന്‍ .
ഇഷ്ടമായിരുന്നു 
  നിന്‍റെ കവിളില്‍ കുത്തി 
  നുണക്കുഴി ഉണ്ടാക്കാന്‍.
ഇഷ്ടമായിരുന്നു
  നിന്‍റെ തലമുടിയിഴകളെ
  അലങ്കൊലപെടുത്തി ചിരിക്കാന്‍ 
ഇഷ്ടമായിരുന്നു
  നിന്‍റെ ചെവിയിലൂതി
  ഇക്കിളിപെടുത്താന്‍.

ഇന്ന് 

എവിടെയോ ഒരു നിര്‍വികാരത 
ഓര്‍മ്മകളിലെ വസന്തത്തിനു 
 നിറം  കുറഞ്ഞാല്‍ 
ഇന്നലെ വെറുതെയാവും
അത് എന്‍റെ ഇന്നിനെ 
നിന്നില്‍ നിന്നകറ്റി നിര്‍ത്തി 

നാളെ 

തിരിച്ചു വന്നേക്കാം 
നിന്നിലേക്ക്‌..
അല്ലെങ്കില്‍ 
നടന്നു തുടങ്ങാം 
മറ്റൊന്നിലേക്ക്....

Thursday, June 4, 2015

ഞാനും നീയും



ഞാനും നീയും ....
സമാന്തര രേഖകള്‍ പോലെ
അടുക്കാതെ അകലാതെ....

പരസ്പരം



പകലിന്‍റെ സ്വപ്‌നങ്ങള്‍ 
രാത്രിയില്‍ അലിഞ്ഞു 
രാത്രിയുടെ പകലിലും
അങ്ങനെയാവാം 
അവര്‍ പരസ്പരം 
കാണാതെയായത്‌

Wednesday, May 13, 2015

......






ഇതളുകളൂര്‍ന്നൊരു പൂവിന്‍ ഗന്ധം
എന്നെ വലം വെച്ച രാത്രിതന്‍ ഭീതിയില്‍
ഏകയായ്‌ മൂകമായ്‌
തേങ്ങിയതോക്കെയും
നിന്നില്‍ അലിഞ്ഞു
വിടരാനായിരുന്നു...

Saturday, April 4, 2015

യോഗ്യതയുടെ ഉയരം


    


    ഇന്നലെയാണ് അയാളുടെയും വീട്ടുകാരുടെയും സ്നേഹത്തിനും പരിചരണത്തിനും ഞാനും കുഞ്ഞും യോഗ്യരല്ല എന്നയാള്‍ പറഞ്ഞത്‌. കേട്ടപ്പോള്‍ ഉണ്ടായ ഞെട്ടലില്‍ നിന്ന് മോചനം നേടിയപ്പോള്‍ പെട്ടെന്ന് തോന്നിയത് സ്വയം സമാധാനിക്കാനാണ്.

“ആയിരിക്കും ഒന്നുമല്ലാതെ നില്കുന്നവള്‍ക്ക് എന്ത് യോഗ്യത?”

പരിഹാസങ്ങള്‍ക്കിടയിലും നിഷേധിക്കപെട്ട നീതിക്കിടയിലും ഞാന്‍ വെറുതെ സമാധാനിച്ചു  വരാന്‍ പോകുന്നത് എന്‍റെ നമ്പര്‍ ആണെന്ന്.

ഉറങ്ങികിടക്കുന്ന കുഞ്ഞിനയും കൊണ്ട് കരിങ്കല്‍ ക്വാറിയുടെ മുകളിലെത്തിയപ്പോള്‍ പെട്ടെന്ന് അവനുണര്‍ന്നു....

ഞാന്‍ ചോദിച്ചു “നമുക്ക്‌ പോവാലെ”

അപ്പൊ അവന്‍റെ ചിരിയില്‍ പുറത്തു വന്ന കുഞരി പല്ലുകള്‍
വെള്ളത്തിനടിയില്‍ അവനു ശ്വാസം മുട്ടുന്നതാലോചിച്ചു തല പെരുത്തു.കാണുന്നതിനു മുന്നേ സ്നേഹിച്ചതല്ലേ..പെണ്‍കുഞ്ഞുങ്ങളെ കുറിച്ച് മാത്രം ചിന്തിച്ചവളായിരുന്നു ഞാന്‍.. പക്ഷേ എന്‍റെ ആഗ്രഹങ്ങള്‍ക്ക്‌ മുന്നേ സഞ്ചരിച്ച ദൈവം കൂട്ടിനു തന്നതാ ഇവനെ.
അല്ലെങ്കിലും ഇങ്ങനൊരു തീരുമാനം എന്നെ വീണ്ടും പരാജിതയാക്കും.
തിരിച്ച് നടക്കുമ്പോള്‍ ദൂരെക്കൊരു യാത്ര മനസ്സില്‍ കണ്ടു... തോല്‍ക്കാനാവില്ല.

എന്‍റെ സ്വകാര്യതകള്‍ക്കും സ്വപ്‌നങ്ങള്‍കും നാല് ചുമരുകള്‍.. അതായിരുന്നു ഞാന്‍ ആഗ്രഹിച്ചത്‌.അതിനു വേണ്ട യോഗ്യത ഇല്ലാതെ പോയി.

പക്ഷഭേദങ്ങള്‍ക്കിടയില്‍ ഞെരങ്ങുമ്പോള്‍ ഞങ്ങള്‍ വായുവില്‍ ഒരു മുറി പണിതു.. അതിനു ഒരു യോഗ്യതയും വേണ്ടല്ലോ?

ചില രാത്രികളില്‍ അവനെന്നെ വിളിച്ചുണര്‍ത്തും

“മ്മ മ്മ ”

കണ്ണ് തുറക്കുമ്പോള്‍ അവന്‍ ഇരിക്കുന്നുണ്ടാകും.അപ്പുറത്തെ കട്ടിലില്‍ കിടക്കുന്നവരെ ഉണര്‍ത്താതിരിക്കാന്‍ ഞങ്ങള്‍ പല കളികളും കളിക്കും
അവസാനം ഞങ്ങളുടെതല്ലാത്ത വീട്ടില്‍, ഞങ്ങളുടെതല്ലാത്ത മുറിയില്‍ , ഞങ്ങളുടെതല്ലാത്ത കട്ടിലില്‍, ഞങ്ങളുടെതല്ലാത്ത പുതപ്പ് കൊണ്ട് മൂടി ഞങ്ങള്‍ തീര്‍ത്ത ഞങ്ങളുടെ ഒരു ലോകം.മറ്റാര്‍ക്കും കയറി വരാന്‍ പറ്റാത്ത ആ ലോകത്തിനു മുകളില്‍ അയാളുടെ യോഗ്യതയും  എന്‍റെ യോഗ്യതയില്ലായ്മയും പാറി കളിച്ചു.... 

Tuesday, January 27, 2015

പരാജിതന്‍



 
*ഈ എഴുത്തിന് ജീവിച്ചിരിക്കുന്ന ആരുമായും ഒരു ബന്ധവുമില്ല.. അങ്ങനെ തോന്നുന്നുണ്ടെകില്‍.. അത് വെറും തോന്നലാണ്...*










സ്വീറ്റ്‌ ഹോമില്‍ സീറ്റ്‌ ബുക്ക്‌ ചെയ്തിട്ടാണ് അവനെന്നെ വിളിച്ചത്‌.

“നീ വരുവോ?”

ആ ചോദ്യത്തിന്‍റെ പാവത്തം, അവിടം വരെ പോവാം എന്ന തീരുമാനത്തില്‍ എത്തിച്ചു.അല്ലെങ്കിലും കാണണം എന്ന് കരുതിയിരുന്നതാന്.

ഇന്നലെയാണ് ഹോസ്റ്റലിന്റെ വരാന്തയിലൂടെ അവന്‍ ഓടി നടന്നു അലറിയത്.ലേഡീസ് ഹോസ്റ്റലില്‍ ഒരു പുരുഷശബ്ദം ഇത്ര ഉച്ചത്തില്‍ കേട്ടതുകൊണ്ടായിരിക്കും ഓരോരുത്തരരായി നടുമുറ്റത്തെക്ക് ഓടി വന്നത്. പക്ഷെ പുറത്തേക്കുള്ള വാതിലുകള്‍ ഓരോന്നായി സെക്യുരിറ്റികള്‍ അടച്ചു കൊണ്ടിരുന്നു.കണ്ണടച്ച് തുറക്കുന്നതിനു മുന്‍പാണ് ഒരു പോലീസ് ജീപ്പ് വന്നതും അവനെ വലിച്ചിഴച്ച് അതിലേക്ക് കയറ്റിയതും...അപ്പോഴും അവന്‍ ഉറക്കെ കരഞ്ഞുകൊണ്ടെയിരുന്നു...

“ശ്രേയാ.... ശ്രേയ....”

വേഗം കുളിച്ചൊരുങ്ങി ഹോസ്റ്റലില്‍ നിന്നിറങ്ങി.. നടക്കുമ്പോള്‍ അവനാദ്യമായി അവള്‍ക്ക് നല്‍കിയ ബര്‍ത്ത്ഡേ സര്‍പ്രൈസ് ആയിരുന്നു മനസ്സില്‍.

അന്നൊന്നും ഞങ്ങള്‍ തമ്മില്‍ അത്ര അടുപ്പമില്ലയിരുന്നു, കാണുമ്പോഴുള്ള ഒരു ഹായ് ഭായ്..

അടച്ചിട്ട ജനാലയ്ക്കു മുന്നില്‍ കണ്ണടച് നില്‍ക്കുന്ന അവള്‍.. ജനാല തുറക്കുന്നു.റോഡിനു നടുവില്‍ ഒരു കാര്‍ഡ്‌ബോര്‍ഡ്‌ നിറയെ മെഴുതിരികള്‍ കത്തിച്ചു അതും പിടിച്ചു നില്ക്കുന്ന അവന്‍റെ മുന്നിലേക്കാണ് അവള്‍ കണ്ണ് തുറന്നത്.അത് കണ്ടു അവളെക്കാള്‍ ഞെട്ടിയത് ഞാനാണ്.ഇങ്ങനെയും ബന്ധങ്ങള്‍ ആഘോഷങ്ങള്‍.

പ്രണയദിനത്തില്‍ എല്ലാ പ്രണയിതാക്കളും പൂവും ബൊക്കെയും ഒക്കെ കൈമാറിയപ്പോള്‍ അവന്‍ കൊടുത്തത്‌ ഒരു ചട്ടിയാണ്.. റോസാപൂചട്ടി..അവള്‍ക്ക് വേണ്ടി കുഴിച്ചിട്ട്, വെള്ളമൊഴിച്ച് വളര്‍ത്തി വലുതാക്കി വിരിയിച്ചത്.

അവള്‍ക്കിഷ്ടമുള്ളതെല്ലാം അവന്‍റെ പൈസക്ക് വാങ്ങിക്കുക.ചായ വട ബിരിയാണി എല്ലാം അവന്‍റെ പോക്കറ്റീന്നു അവള്‍ തന്നെ കാശ് എടുത്തു വാങ്ങിച്ചിരുന്നു..കണ്ടു നില്‍ക്കുന്നവര്‍ക്ക്‌ അതിലൊരു ആത്മാര്‍ത്ഥതയൊക്കെ തോന്നി

അങ്ങനെ ദിവസങ്ങള്‍ കുറെ കഴിഞ്ഞു പോയി.പിന്നെ പിന്നെ അവരെ ഒരുമിച്ച് കാണാതായി.പരീക്ഷകള്‍, സെമിനാറുകള്‍, പ്രൊജക്റ്റ്‌ അങ്ങനെ പലതിനുമിടയില്‍ മുങ്ങിപോയതാവും എന്ന് കരുതി..

സ്റ്റഡി ലീവ് പ്രമാണിച്ച്‌ ഫേസ്ബുക്ക് പരതുമ്പോളാനു അവന്‍റെ പുതിയ സ്റ്റാറ്റസ് കണ്ണില്‍ പെട്ടത്.എന്തോ ഒരു സ്മെല്‍ മണ വാസന അതില്‍ തന്നെ ഉണ്ടായിരുന്നു.പിന്നെ പലതരം കഥകള്‍ കവിതകള്‍ ലേഖനനങ്ങള്‍.. വായിച്ചു വായിച്ചു ആസ്വദിച്ചു കൊണ്ടേയിരുന്നു.

പക്ഷെ പരീക്ഷക്ക്‌ അവന്‍റെ സീറ്റ്‌ ഒഴിഞ്ഞു തന്നെ കിടന്നു.ഒരു ഉഴപ്പാളി പട്ടം നേരത്തെ കിട്ടിയത് കൊണ്ട് ആരും അത് കാര്യമായി എടുത്തില്ല.
പുതിയ സെമസ്റ്റരില്‍ ആരും അവനെ കണ്ടതേയില്ല.. എല്ലാവരും അവനെ അന്വേഷിച്ചു കൊണ്ടേയിരുന്നു.അവള്‍ പുതിയ പുതിയ സൗഹൃദങ്ങളുമായി മുന്നോട്ടു പോയി.. 

അങ്ങനെയാണ് ഞാനവനെ വിളിച്ചു തുടങ്ങിയത്‌.ഒളിവില്‍ കഴിയുന്ന ഒരാളെ പറ്റി അറിയാനുള്ള ആകാംക്ഷ,ഒരു കൌതുകം.അങ്ങനെയാണ് അവനില്‍ നിന്ന് ദൂരേക്ക്‌ പോയ അവളെ പറ്റി അറിഞ്ഞത്. മുറിഞ്ഞു പോവുന്ന വാക്കുകള്‍, നെടുവീര്‍പ്പുകള്‍ എല്ലാം അവളോടുള്ള ദേഷ്യം ഇരട്ടിയാക്കി.ഇനിയൊരു തിരിച്ചു വരവ് കോളെജിലെക്കുണ്ടാവില്ല എന്ന് പറഞ്ഞാണ് അവന്‍ അവസാനം ഫോണ്‍ വെച്ചത്.

ആ അവനാണ് ഇന്നലെ ഹോസ്റ്റലിന്റെ വരാന്തയിലൂടെ കരഞ്ഞു കൊണ്ട് ഓടിനടന്നത്.മാനസികമാനെന്നും മയക്കുമരുന്നാണെന്നും പലരും പറഞ്ഞു... അവരുടെയൊക്കെ ഏറ്റവും മുന്നില്‍ അവളു തന്നെയായിരുന്നു.
റെസ്റ്റോറന്റില്‍ എത്തിയപ്പോള്‍ എന്നത്തേയും പോലെ പുഷ്പുള്‍ കണ്‍ഫ്യൂഷന്‍. അപ്പഴേ ഞാനവനെ കണ്ടു.
 പണ്ടത്തെക്കാളും ക്ഷീണിച്ച് കണ്ണുകള്‍ കുഴിഞ്ഞ്,ചിരിക്കാന്‍ മറന്നു പോയ ഒരാള്‍

ഭക്ഷണം ഓര്‍ഡര്‍ ചെയ്തു അവനെനിക്കൊരു പുസ്തകം തന്നു.

‘പ്രണയഗീതങ്ങള്‍’

പ്രണയകവിതകളുടെ സമാഹാരം.

“നാളെ അവളുടെ പിറന്നാളാണ്.അവള്‍ക്ക് വേണ്ടി മുന്‍പൊരിക്കല്‍ വാങ്ങിയതാണ്”

ഞാന്‍ കണ്ട ഏറ്റവും നല്ല ബര്‍ത്ത്ഡേ സര്‍പ്രൈസ്നു നാളെ ഒരു വയസ്സ് തികയും..