Monday, November 26, 2012

ഒരു മൂക്കുത്തി കഥ
   ഒരു പിജി കോഴ്സ് തീരുന്നതിന്‍റെ എല്ലാ ബഹളങ്ങളുമുണ്ടായിരുന്നു അന്ന് ലാബില്‍, ഇടക്കിടെ  ജാം ആവുന്ന പ്രിന്‍റര്‍, ഒരു കമ്പ്യൂട്ടറില്‍ നിന്നും മറ്റൊന്നിലേക്ക്‌ ഓടുന്ന കുട്ടികള്‍ , വൈകി ഓടുന്ന ക്ലോക്ക്... അങ്ങനെ പലതും
   ചില വൈകുന്നേരങ്ങള്‍ നമ്മളെ പലതും ഓര്‍മ്മിപ്പിക്കും.. ഇതു പോലെ ഒരു വൈകുന്നേരം മറ്റൊരാളിലെക്കുള്ള വഴിയില്‍ വെച്ചാണ്‌ ഞാനവനെ ആദ്യമായ്‌  കാണുന്നത്.കമ്പ്യൂട്ടര്‍ ലാബിന്‍റെ അറ്റത്ത്‌ മറ്റൊരാളുമായ് സംസാരിച്ചു നിന്ന അവനെ രണ്ടാമതൊന്നു നോക്കാന്‍ പോലും എനിക്കന്ന്‍ തോന്നിയില്ല.... ഒരുപാട് കേട്ട് പരിച്ചയിച്ചെങ്കിലും എന്തോ മിണ്ടാന്‍ ഞങ്ങള്‍ക്ക് രണ്ടാള്‍ക്കും തോന്നിയിലെന്നു തോന്നുന്നു...
പിന്നെയും ദിവസങ്ങള്‍ക്കപ്പുറം departmentനു മുന്നിലെ  ഇടവഴിയില്‍ , അക്കേഷ്യമരങ്ങളുടെ  തണലില്‍ നിന്ന് അവനാദ്യമായ്‌ എന്നോട് സംസാരിച്ചു ..
അങ്ങനെ ഞാനാ വഴിയെ സ്നേഹിച്ചു അവനിലൂടെ...
അക്കേഷ്യമരങ്ങള്‍ക്കിടയില്‍ ഞങ്ങളിരുന്നും നിന്നും നടന്നും പറഞ്ഞ ഒരായിരം കഥകള്‍ . ഈ ലോകം ഞങ്ങളുടേത് മാത്രമാണെന്ന് തോന്നിയ നാളുകള്‍ ..
അവന്‍ വിളിച്ചുണര്‍ത്തിയ പ്രഭാതങ്ങള്‍ , കഥകള്‍ പറഞ്ഞുറക്കിയ രാതികള്‍ . ട്രെയിനിലെ തിരക്കിനിടയില്‍ കൂട്ടിമുട്ടിയ ഞങ്ങളുടെ കവിളുകള്‍ , അവന്‍റെ ഉമ്മകള്‍ കൊണ്ട് നിറഞ്ഞ എന്‍റെ inbox...ഞങ്ങള്‍കിടയില്‍ ദൂരങ്ങളില്ലാതെയായി ,ശ്വാസങ്ങളില്ലതെയായി.. കണ്‍പീലികള്‍ കൂടികലര്‍ന്നു..
അങ്ങനെ പ്രണയം നിറഞ്ഞു തുളുമ്പിയ ഒരു രാത്രിയില്‍ അവന്‍ ചോദിച്ചു
“നിനക്ക് മൂക്കുത്തി ഇട്ടൂടെ”
“അയ്യേ ... പാണ്ടിയായി പോവില്ലേ...?”
“ഇല്ലെടാ നീ ഇട്, എനിക്കിഷ്ടാ പെണ്‍കുട്ട്യോള്‍ മൂക്കുത്തി ഇടുന്നത്”
“അതോണ്ടായിരിക്കും  നിന്‍റെ ലവള്‍ മൂക്കുതിയിട്ടത്‌....”
അപ്പുറത്ത്‌ ഒരു പൊട്ടിച്ചിരിയായിരുന്നു.. ആ ചിരിയില്‍ ഞാന്‍ പങ്കുചേര്‍ന്നെങ്കിലും ഉള്ളിലൊരു വിങ്ങലുണ്ടായി.. മറ്റൊരാള്‍ക്കുള്ള സ്നേഹം ഞാന്‍ കട്ടെടുക്കുന്ന  പോലെ.
പിന്നെ പിന്നെ ഞാന്‍ മൂക്കുത്തിയെ സ്നേഹിച്ചു തുടങ്ങി...മൂക്കുത്തിയിട്ട പെണ്‍കുട്ടികളെ സ്നേഹിച്ചു തുടങ്ങി .. അവന്‍ സ്നേഹിക്കുന്നതിനെയൊക്കെ സ്നേഹിക്കാന്‍ തുടങ്ങി .. പക്ഷെ എത്രയോ രാത്രികളില്‍ ആ സ്നേഹം എന്‍റെ തലയിണയില്‍ കണ്ണീരായി വീണു...
ഹോസ്റ്റലില്‍ ഊഞ്ഞാലാടുന്ന  ഒരു വൈകുന്നേരം...ആരോ പറഞ്ഞു തന്ന പുസ്തകതാളിലെ മൂക്കുത്തികഥ, വായിച്ച് വായിച്ച് കരഞ്ഞതെന്തിണോ ആവട്ടെ... ഒരിക്കലും മൂക്കുത്തിയിടില്ലാ എന്ന തീരുമാനം ആ കണ്ണുനീരിന്‍റെ ഉപ്പ് രസം എനിക്ക് തന്നു..
നായികയോട് മൂക്കുത്തിയിടാന്‍ പറഞ്ഞ കാമുകന്‍ , അവളുടെ മൂക്കുത്തിയില്‍ ഉമ്മ വെക്കാന്‍ കൊതിച്ചവന്‍..ആ കാമുകന്‍ അവനായിരുന്നോ എന്നൊരു തോന്നല്‍...
പിന്നെ അവനെ മറക്കാന്‍ കാരണങ്ങള്‍  തേടിയ രാത്രികള്‍, കൃഷ്ണന്‍റെ മുന്നില്‍ കുമ്പസരിചു കരഞ്ഞ ദിവസങ്ങള്‍ ... അതങ്ങനെ കടന്നു പോയി.... തിരക്കുകള്‍ സൃഷ്ടിച്ചു ഞാനും അവനും കുറേ ദൂരം ഓടി...
അങ്ങനെ തളര്‍ന്നു കിടന്ന ഒരു ഉച്ചയുറക്കത്തില്‍നിന്ന് ഞെട്ടിയെഴുന്നേറ്റപ്പോള്‍ ഓര്‍മ്മ വന്നത് അവന്‍റെ മുഖം...അവന്‍ എന്‍റെ മൂക്കുത്തിയിലുമ്മ വെക്കുന്ന ഒരു സ്വപ്നം.
ഉള്ളിലെവിടെയോ  പെട്ടെന്നൊരു തണുപ്പ് അനുഭവപെട്ടു.. തലയണക്കിടയില്‍ നിന്ന് ഫോണ്‍ എടുത്തു അവന്‍റെ നമ്പര്‍ തപ്പി.. ഒരിക്കല്‍ എന്‍റെ വിരല്‍ത്തുമ്പുകള്‍ക്കു പോലും അറിയാമായിരുന്ന നമ്പര്‍..
ഒരു നീണ്ട ringനു ശേഷം അപ്പുറത്തെ പരിചിതമായ ശബ്ദം.. അവന്റെ സ്ഥിരം hello
“നിനക്ക് എപ്പഴും എന്‍റെ സ്വപ്നത്തീന്നു ഇറങ്ങിപ്പോവാറായില്ലേ...കാലമാടാ”
അപ്പുറത്തെ പൊട്ടിച്ചിരി എന്തോ ഇപ്പൊ എന്നെ ചിരിപ്പിച്ചില്ല... ഒരു വിളറിയ പുഞ്ചിരി മാത്രമായിരുന്നു എന്‍റെ ചുണ്ടില്‍...
മുന്നിലെ ആലമാരയുടെ കണ്ണാടിയില്‍ എന്‍റെ ചിരി ഞാന്‍ കണ്ടു... എന്‍റെ മൂക്ക് കണ്ടു.. മൂക്കുത്തി കുത്താന്‍ പറഞ്ഞ കൂട്ടുകാരന്‍റെ ഓര്‍മ്മക്കായാണ് ഞാന്‍ ഈ മൂക്കിനെ വെറുതെ വിട്ടത്‌.......അവനു വേണ്ടി കുത്തിയ മൂക്കുത്തിയില്‍ മറ്റൊരാള്‍ ഉമ്മ വെക്കുന്നത് ഓര്‍ക്കാന്‍ പോലും  പറ്റാതെ...ഈ ഒഴിഞ്ഞ മൂക്ക് കണ്ട് ഞാനെന്നും അവനെ ഓര്‍ക്കും.....