Monday, July 1, 2013

നിത്യകന്യക മെല്ലെ മെല്ലെ ഓടികൊണ്ടിരിക്കുന്ന കന്യാകുമാരി എക്സ്പ്രസ്സിന്‍റെ ജനാലയിലൂടെ പുറത്തേക്കു നോക്കിയിരിക്കുമ്പോള്‍  മനസ്സിലൂടെ ഒരു പാട്ട് മിന്നായം പോലെ കടന്നു വന്നു

“പോന്നുഷസ്സെന്നും നീരാടുവാന്‍ വരുമീ 
 സൌന്ദര്യതീര്‍ത്ത കടവില്‍....”  

ഒരിക്കലും കണ്ടിട്ടില്ലാത്ത കന്യകുമാരിയെ സ്നേഹിച്ചത് ഈ പാടിലൂടെയായിരുന്നു, തന്‍റെ കന്യകാത്വം ആര്‍ക്കു വേണ്ടിയാവും ദേവി കാത്തുസൂക്ഷിച്ചത് എന്നൊക്കെ ആലോചിച്ചു തല പുകച്ചിട്ടുണ്ട്. കാണാന്‍ കൊതിച്ച കാഴ്ചകളിലേക്കുള്ള എന്റെ ആദ്യ യാത്ര. അതിന്‍റെ ഒരു excitement എന്‍റെ ഓരോ ഹൃദയമിടിപ്പിലും ഉണ്ടായിരുന്നു..നെയ്യാറ്റിന്‍കര, പാറശ്ശാല, മാര്‍ത്താണ്ടാം തുടങ്ങി കേട്ട് പരിചയിച്ച സ്ഥലങ്ങള്‍ ആദ്യമായ്‌ കണ്ടപ്പോള്‍ ഉള്ളിലെവിടയോ ഞാനൊരു ടോട്ടോചാന്‍ ആവുകയായിരുന്നു. ജനാലക്കരികിലെ വികൃതികുട്ടി.. പണ്ടും ഞാനവളെ പോലെയായിരുന്നു.. പക്ഷെ അന്ന് ആരും ഞാന്‍  എന്ന കുട്ടിയെ മനസ്സിലാക്കിയില്ല , അടിയും പിച്ചും നുള്ളുമായ് എന്‍റെ ഉള്ളിലെ കുട്ടിത്തം അച്ഛനുമമ്മയും അടക്കമുള്ളവര്‍ കെടുത്തി കളഞ്ഞു. അങ്ങനെ ഓരോന്നോര്‍ത്ത് എന്‍റെ മുന്നിലെ തമിഴത്തി സ്ത്രീയെ നോക്കി ഒന്ന് പുഞ്ചിരിച്ചു.
  ഞാന്‍ ഒന്ന് ചിരിക്കാന്‍ കാത്തു നിന്ന പോലെ നല്ല നാടന്‍ തമിഴില്‍ അവര്‍ പറഞ്ഞു തുടങ്ങി.. ചറപറാന്ന് വീഴുന്ന തമിഴ്‌ വാക്കുകള്‍ക്കൊപ്പം , ഇടക്കിടെ എന്നോട് പലതും ചോദിക്കുന്നു, എന്‍റെ ഉത്തരം കേള്‍ക്കും മുന്‍പേ അവര്‍ അടുത്ത കാര്യങ്ങളിലേക്ക്‌ കടന്നുകഴിയും...എനിക്ക് നമ്മുടെ ന്യൂസ്‌ ചാനലുകള്‍ ഓര്‍മ്മ വന്നു.അവസാനം പിടി കിട്ടി തിരുവനന്തപുരത്ത് പഠിക്കുന്ന പേരകുട്ടിക്ക് കൂട്ടുനില്‍ക്കുകയാണെന്നും, ഇനി രണ്ടു ദിവസം വീട്ടിലേക്കാണെന്നും. അവരുടെ ഉള്ളിലെ ആ നല്ല മുത്തശ്ശിക്ക് ഞാന്‍ മനസ്സിലൊരു ഉമ്മ കൊടുത്തു....
ഞാന്‍ പിന്നെയും പുറംകാഴ്ചകളില്‍ മുഴുകി എന്‍റെ പാട്ടും പാടിയിരുന്നു. ഏതോ ഒരു തമിഴന്‍ സ്റ്റേഷനില്‍ നിര്‍ത്തിയപ്പോള്‍ മുല്ലയും കനകാംബരവും ചൂടിയ അനേകം തമിഴ്‌ പെണ്‍കൊടികള്‍ വണ്ടിയില്‍ കയറി, ദാവണി ഉടുക്കുന്ന ഈ ടൈപ്പ് പെണ്‍കുട്ടികള്‍ ഇപ്പോഴും ഉണ്ടോ എന്ന് ഞാന്‍ അത്ഭുതപെട്ടു. എന്തായാലും കേരളത്തിലെ ഒരു കുഗ്രാമത്തില്‍ പോലും ഇങ്ങനെ ഒരു കാഴ്ച കാണാന്‍ വഴിയില്ലാ.. എല്ലാരും fashionable  ആയി മാറീല്ലേ?അവരെ നോക്കി അത്ഭുതപെട്ടു ഞാന്‍ വീണ്ടും പുറത്തേക്ക് തന്നെ നോക്കിയിരുന്നു.വെയില് മൂത്തത് കൊണ്ടാണോ എന്തോ ഒരു ക്ഷീണം. സൈഡ്‌ലേക്ക്‌ നോക്കിയപ്പോള്‍ അച്ഛന്‍, അമ്മ, അമ്മായി തുടങ്ങിയവര്‍
ഗാഡനിദ്രയില്‍.... അച്ഛന്‍ ചെറുതായ് കൂര്‍ക്കം വലിക്കുന്നുണ്ടോ എന്നാ സംശയം ഇല്ലാതില്ല.
 നല്ല ചൂടില്‍ നെറ്റിയില്‍ പൊടിയുന്ന വിയര്‍പ്പ് തുടച്ച് ഒന്ന് കണ്ണടച്ചപ്പോള്‍ പഴയ ഒരു RAC യാത്രയിലേക്ക് ഞാന്‍ യാത്രയായി....
ശബരിമല സീസണില്‍ അവസാന നിമിഷം കണ്‍ഫേം ആയ എന്റെ ടിക്കറ്റ്‌, കിട്ടിയ  RACയില്‍ ഹാപ്പിയായ്‌ കോഴിക്കോട് നിന്നും വണ്ടി കേറുമ്പോള്‍ മരുന്നിനു പോലും ഒരു പെണ്ണില്ലാത്ത compartment ആയി പോയല്ലോ എന്ന പേടിയായിരുന്നു മനസ്സു മുഴുവന്‍.. .തെലുങ്കന്‍ സ്വാമിമാരുടെ ഒരു compartment, confirm ആവാത്തവര്‍ അവിടവിടെയായി പേപ്പര്‍ വിരിച്ച് ഇരിക്കുന്നു. ഇവര്‍ക്കിടയില്‍ മനസ്സിന് ഒരു സുഖവുമില്ലാതെ ഇരിക്കുമ്പോഴാണ് തൊട്ടു മുന്നിലെ RACക്കാരനെ നോക്കിയത്.ഖസാക്കിന്റെ ഇതിഹാസം കൊണ്ട് മുഖംമറച്ചിരിക്കുന്നു..TTക്ക് ടിക്കറ്റ്‌ കാണിച്ചു ഇരുട്ടിലേക്ക്‌ കണ്ണും നട്ട് ധൈര്യം സംഭരിച്ച്, ഗുരുവായൂരപ്പനെ വിചാരിച്ചു ഉറക്കത്തിന്റെ ലാഞ്ചന പോലും ഇല്ലാതെ ഇരിക്കുമ്പോഴാണ് എന്‍റെ മുന്നിലെ വിദ്വാന്‍ മുഖം കാണിച്ചത്‌, അത്യാവശ്യം കാണാന്‍ കൊള്ളാവുന്ന ഒരാള്‍.
ഒരു പേടിയോടെയാണെങ്കിലും ഞാന്‍ ചിരിച്ചു..
തിരിച്ചൊരു ചിരിയുമില്ലാതെ ഒരു ചോദ്യം “എവിടേക്കാ”
“ട്രിവാന്‍ഡ്രം”
“ഇവിടെ വരുന്നവര്‍ വല്ല തൃശൂരോ എറണാകുളമോ ആവണെ എന്നായിരുന്നു, ഉറങ്ങാനുള്ള ആഗ്രഹം കൊണ്ട്”
ഞാനൊരു വിളറിയ ചിരി പാസാക്കി അയാളുടെ യാത്രയെ പറ്റി ചോദിച്ചു
“കൊല്ലത്തേക്ക്”
മനസ്സിന്‍റെ പേടി മാറ്റാന്‍ ഞാന്‍ എന്തൊക്കെയോ ചോദിച്ചു കൊണ്ടിരുന്നു, കറങ്ങി തിരിഞ്ഞു ഒടുവില്‍ അത് പുസ്തകങ്ങളില്‍ എത്തി പെട്ടു.
“തനിക്കറിയോ ഈ ബുക്ക്‌ ഉണ്ടല്ലോ ‘ഖസാക്കിന്റെ ഇതിഹാസം’, എത്രാമത്തെ തവണയാണ് വായിക്കുന്നത് എന്നറിയില്ല , എന്നിട്ടും പിന്നെയും പിന്നെയും ഒരു attraction
പുസ്തകങ്ങളുടെ ലോകത്ത്‌ ഞങ്ങള്‍ രണ്ടാളും മുങ്ങി പരതി.അഭിപ്രായങ്ങള്‍ പറഞ്ഞു discuss ചെയ്തു, എറണാകുളം സൗത്തില്‍ വണ്ടി നിര്‍ത്തിയപ്പോള്‍ ഞാന്‍ ചോദിച്ചു
“ഉറങ്ങണോ? ഞാന്‍ sideലേക്ക്‌ നീങ്ങി അഡ്ജസ്റ്റ് ചെയ്യാം”
hey no no, ഇതു പോലെ എന്‍റെ taste ഉള്ള ഒരാളെ കിട്ടിയാല്‍ I’m more happy
അങ്ങനെ കുറേ കാര്യങ്ങള്‍ discuss ചെയ്ത് എന്റെ ഉള്ളിലെ പേടി മാറ്റി.. മുന്നോട്ടു പോയി...
കഥയും,സിനിമയും,പാട്ടും എല്ലാറ്റിലും ഒരു ഒരുമയുണ്ടെന്നു തോന്നി.
അടുത്തടുത്ത നാട്ടുക്കാര്‍, ഇഷ്ടമില്ലാതെ പഠിക്കാന്‍ തിരഞ്ഞെടുത്ത വിഷയങ്ങള്‍ ഒന്നായിരുന്നു, intimacy മൂലം മാറ്റാതെ കൊണ്ടുനടക്കുന്ന സെല്‍ നമ്പര്‍, ഓര്‍ക്കാന്‍ അധികം ഇഷ്ടമല്ലാത്ത കുട്ടിക്കാലവും സ്കൂള്‍ കാലവും ഒക്കെ ഒരുപോലെ തോന്നി.
ബോറടിപ്പിക്കാതെ മണിക്കൂറുകള്‍ എന്നെ ഒരു നല്ല കേള്‍വിക്കാരിയാക്കി, കൂടെ എന്‍റെ അഭിപ്രായങ്ങളെ മാനിക്കുകയും ചെയ്തു. വഴിക്കടിക്കാത്ത ഒരു ശാന്ത പ്രകൃതം. പിന്നെ മനസ്സില്‍ സ്വയം പറഞ്ഞു, first impression ഒരിക്കലും best impression ആവില്ല.. എനിക്ക് ഒരുപാട് പണി കിട്ടീതല്ലേ.?
 പക്ഷെ ആറേഴ് മണിക്കൂര്‍ സംസാരിച്ചിട്ട് എനിക്ക് ബോറടിചില്ലലോ? നന്നായി സംസാരിക്കാന്‍ കഴിയുന്നത് ഒരു കഴിവല്ലേ? ഞാന്‍ എവിടെക്കയോ ന്യായീകരിക്കുന്നുണ്ടായിന്നു.
ട്രെയിന്‍ കായംകുളം junctionല്‍ എത്തിയപ്പോഴെക്ക് വായ വേദനിച്ചു തുടങ്ങിയിരുന്നു, പക്ഷെ എന്തോ ഞങ്ങള്‍ രണ്ടാളും സംസാരം നിര്‍ത്തിയില്ല.M T യും പൊറ്റക്കാടും Italo Calvinoയും Sydney sheltonനും തമ്മില്‍ ഘോര ഘോര യുദ്ധം നടക്കേ അവന്‍ എഴുന്നേറ്റ്‌ luggage ഇറക്കി വെച്ചു.
“എനിക്ക് അടുത്ത സ്റ്റോപ്പില്‍ ഇറങ്ങണം”
ഇതൊരു ട്രെയിന്‍ യാത്രയാണ് എന്നാ ബോധം തന്നെ എനിക്ക് തിരിച്ചു കിട്ടിയത്‌ അപ്പോഴായിരുന്നു.
ബാഗ്‌ തുറന്നു അവന്‍ ഒരു പുസ്തകമെടുത്തു
Ancient Promises  വായിച്ചിട്ടുണ്ടോ? ജയശ്രി മിശ്രേടെ”
ഇല്ലെന്നു തലയാട്ടിയപ്പോള്‍ പേനെയെടുത്ത് അതിലെന്തോ എഴുതി എനിക്ക് നേരെ നീട്ടി
“ഇഷ്ടപ്പെടും വായിച്ചു നോക്ക്”
ട്രെയിന്‍ നിര്‍ത്തിയപ്പോള്‍ luggage  എടുത്ത് അവന്‍ പുറത്തിറങ്ങി..ഞാന്‍ അവന്‍ പോയ വഴിയെ നോക്കി നിന്നു.. പെട്ടന്ന് ജനാലയിലൂടെ ഒരു ശൂ ശൂ..
“തന്‍റെ പേരെന്താ..? facebookല്‍ ഇല്ലേ?”
“മീര.. മീര ഹരിദാസ്‌.. എന്‍റെ ഫോട്ടോ തന്നെയാ ഇയാള്‍ക്ക് മനസ്സിലാവും”
ട്രെയിന്‍ നീങ്ങി തുടങ്ങിയപ്പോള്‍ ഒരു മഴ കൊള്ളുന്ന പോലെ തോന്നി..
ട്രെയിനിലെ തെലുങ്കന്‍ സ്വാമിമാരെ ഞാന്‍ വീണ്ടും അപ്പോഴാ ശ്രദ്ധിച്ചേ..എന്തോ പേടിയൊക്കെ മാറി ഞാനൊരു നല്ല മൂഡിലേക്ക്‌ മാറി.ഞാനാ പുസ്തകം കയ്യിലെടുത്തു
Ancient promises….ജന്മാന്തരവാഗ്ദാനങ്ങള്‍....
അതിന്‍റെ ആദ്യ പേജില്‍ അവന്‍ എഴുതി ചേര്‍ത്തിരുന്നു
“തന്‍റെ ഉള്ളില്‍ നല്ലൊരു കൂട്ടുകാരിയുണ്ട്
                        -ശ്രീഹരി”

എന്‍റെ സൗഹൃദകൂട്ടങ്ങളില്‍ ഞാനെന്നും നല്ലതായിരുന്നു , പക്ഷെ വീട്ടുകാര്‍ക്കും കുടുംബകാര്‍ക്കും എന്നെ മോശക്കാരിയായി കാണാനായിരുന്നു താല്പര്യം.

ഒരൂക്കന്‍ ശബ്ദത്തോടെ ട്രെയിന്‍ നിന്നപ്പോഴാണ് ഞാന്‍ കണ്ണ് തുറന്നത്.പുറത്തേക്ക് തലയിട്ട് നോക്കിയപ്പോള്‍ മഞ്ഞയില്‍ കറുത്ത വലിയ അക്ഷരങ്ങള്‍ കണ്ടു ‘കന്യകുമാരി’.
Luggage എടുത്ത് ഇറങ്ങിച്ചെന്ന് പെട്ടത് ഒരു താടി വെച്ച ഓട്ടോക്കാരനു മുന്നില്‍ നല്ല രീതിയില്‍ സംസാരിച്ച് അയാള്‍ ഞങ്ങളെ കുപ്പീലാക്കി..അങ്ങനെ തമിഴ്നാട് ഗവേര്‍നുമെന്റ്റ്‌ ടൂറിസ്റ്റ് ഹോമില്‍ ഞങ്ങള്‍ എത്തി പെട്ടു. ഏറ്റവും നല്ല സ്പോട്ടിലാണ് ആ ഹോം.. അതിന്‍റെ മുറ്റത്ത്‌ നിന്ന് നോക്കിയാല്‍ വിവേകാനന്ദപ്പാറയും തിരുവള്ളൂര്‍ പ്രതിമയും ഒരു കാന്‍വാസില്‍ വരച്ച പോലെ കാണാന്‍ സാധിക്കും.
വൈകുന്നേരം വെയില്‍ ആറിയതിനു ശേഷം ഞങ്ങള്‍ നടക്കാന്‍ ഇറങ്ങി. ചുറ്റും കരകൌശലവസ്തുക്കള്‍ വില്‍ക്കുന്ന നൂറോളം കടകള്‍, മുത്തും പവിഴവും അടക്കമുള്ള വില കൂടിയ കല്ലുകള്‍ വരെ അവിടെ വഴിവക്കില്‍ അമ്മൂമ്മമാര്‍ ഇരുന്നു വില്‍ക്കുന്നു.അവരെയൊക്കെ നോക്കി മുളക്‌ ഭാജി തിന്നു ഒടുവില്‍ ബോട്ടിനടുത്തെത്തി. Life jacket ഇടുന്നത് പലരെയും സംബന്ധിച്ച് ഒരു തമാശയായിരുന്നു..നീന്തല്‍ എന്ന മഹത്തായ അഭ്യാസം വശമില്ലാത്തതു കൊണ്ട് ഞാനൊരു റിസ്ക്‌ എടുക്കാന്‍ പോയില്ല..
വിവേകാനന്ദപ്പാറക്ക്’ മുകളില്‍ കാലു കുത്തിയപ്പോള്‍ എന്തോ ഒരു dhejavu..
ധ്യാനകേന്ദ്രവും ബുക്ക്‌സ്റ്റാള്കളും നടന്നു കണ്ടു ഞാന്‍ കടലിലേക്ക് നോക്കി നിന്നു. കടലിനു വേറെ ഒരു ഭംഗിയുണ്ടെന്ന് അപ്പൊ എനിക്ക് തോന്നി. കടലിലേക്ക്‌ ഞാനടുക്കുന്നത് പോലെ അല്ലെങ്കില്‍ കടല്‍ എന്നിലേക്കടുക്കുന്ന പോലെ.. ചിലരോട് അടുക്കാന്‍ ഒരുപാട്‌ സമയമൊന്നും വേണ്ടല്ലോ?
 അവിടെ നിന്നും തിരിച്ചെത്തിയപ്പോള്‍ കടലില്‍ കളിക്കാന്‍ ഒരു മോഹം.. പണ്ട് വെള്ളത്തില്‍ കളിക്കുന്നതിനെ നുള്ളി തല്ലി പ്രതികരിച്ചിരുന്ന അമ്മ അപ്പൊ എന്‍റെ കൂടെ നിന്നു..ഇഷ്ടക്കേട് പ്രകടിപ്പിച്ചു കൊണ്ട് അച്ഛനും അമ്മായിയും കുറച്ചകലെ മാറി നിന്നു..
ഗണേശചതുര്‍ഥി ആഘോഷത്തിന്‍റെ ഭാഗമായ്‌ ഒരുപാട് ഗണപതി വിഗ്രഹങ്ങളും പൊക്കി പിടിച്ചു കൂട്ടത്തോടെ ആളുകള്‍ വന്നു തുടങ്ങിയപ്പോഴാണ് കുറച്ച് decent  ആയി ഞങ്ങള്‍ കല്മണ്ഡപത്തില്‍ കയറി ഇരുന്നത്.ഒരുപാട് സിനിമകളില്‍ കണ്ട് ഞാന്‍ കാണാന്‍ കൊതിച്ച മണ്ഡപം. അവിടെയിരുന്ന് ഞാന്‍ വെറുതെ മൂളി
“നമ്മെ തിരിച്ചറിഞ്ഞെന്നോ ചില ബന്ധുരമീ സ്നേഹബന്ധം”
കാര്‍മേഘം കാരണം അസ്തമയം കാണാനാവാതെ ഒരുപാട് കടകളില്‍ കയറി ചുരിദാറും കമ്മലും പിന്നെ കുറെ അല്കുല്‍ത്ത് സാധനങ്ങളും വിലപേശി വാങ്ങി ഞങ്ങള്‍ തിരിച്ച് നടന്നു.
  കുളി കഴിഞ്ഞു, ബാല്‍കണിയിലിരുന്നു ഇരുട്ടിട്ടില്‍ മിന്നുന്ന വിവേകാനന്ദപാറ നോക്കിയിരുന്നു. എനിക്ക് ചുറ്റും മിന്നാമിനുങ്ങുകള്‍ പാറി നടക്കുന്ന പോലെ.... ആ കടലിനേക്കാള്‍ ശക്തിയില്‍ തിരമാലകള്‍ എന്‍റെ ഹൃദയത്തില്‍ അടിച്ചു കൊണ്ടിരുന്നു..
   നാളെ, ആറു മാസത്തെ കടല്‍ ജീവിതത്തിനു ശേഷം, ആറു മാസം കരയില്‍ ജീവിക്കാന്‍ അവന്‍ വരും. തമ്മില്‍ മിണ്ടാത്ത ആറു മാസക്കാലം...
Communicationനു ഒരു medium വേണ്ട എന്നെനിക്ക്‌ തോന്നിയത്‌ ഈ കാലത്താണ്...
   “നാളെ നേരെത്തെ എണീക്കണം, അമ്പലത്തില്‍ പോവണ്ടാതാണ്”
അമ്മ അകത്തു നിന്നും വിളിച്ചു പറഞ്ഞു..
ഇന്നു ഞാന്‍ ഉറങ്ങുന്നേ ഇല്ല പിന്നല്ലേ...
തിരിഞ്ഞും മറിഞ്ഞും കിടന്നതേ ഓര്‍മ്മയുള്ളൂ.. പിന്നെ രാവിലത്തെ ബഹളങ്ങളായിരുന്നു. കുളിച്ചൊരുങ്ങി സൂര്യോദയം കാണാന്‍ പോയി..ഉദിച്ചു വരുന്ന സൂര്യനേക്കാള്‍ പ്രകാശത്തില്‍ എന്‍റെ ഉള്ളില്‍ ഒരു സുര്യനുദിച്ചു. അമ്പലത്തിലേക്കുള്ള വഴിയില്‍ മുഴവന്‍ ഞാന്‍ ആരോടെന്നില്ലാതെ ചിരിച്ചു കൊണ്ടിരുന്നു.
കന്യാകുമാരി ദേവിയുടെ മുന്നില്‍ നിന്നപ്പോള്‍ എന്ത് കൊണ്ടോ കണ്ണ് നിറഞ്ഞു പോയി
“എനിക്കും നിന്നെ പോലെ കാത്തിരിക്കാന്‍ പറ്റണം”

പിന്നീടുള്ള ഓരോ നിമിഷവും ഞാനെന്‍റെ ഫോണിലേക്ക്‌ ഉറ്റുനോക്കികൊണ്ടിരുന്നു...
ഒടുവില്‍ കന്യകുമാരിയോടു വിട പറഞ്ഞു പോരുമ്പോള്‍ ഉറക്കവും വിശപ്പും ഒന്നും എനിക്കില്ലാതെ പോയി. വരുമ്പോള്‍ കണ്ട കാഴ്ച്ചകളിലോന്നും ഒരു രസമില്ലാതെ പോലെ തോന്നി. എന്‍റെ റൂമിന്‍റെ സ്വകാര്യതയിലെത്താന്‍ കൊതിച്ചു കൊണ്ട് ഞാന്‍ കാത്തിരുന്നു..
വാങ്ങിച്ച സാധനങ്ങള്‍ ഡൈനിങ്ങ്‌ റൂമില്‍ നിരത്തി വെച്ച് ഞാന്‍ റൂമിലേക്ക്‌ ഓടി. ഫോണ്‍ എടുക്കുമ്പോള്‍ എന്തോ ഒരു വിറയലുണ്ടായിരുന്നു. ഒരിക്കലും മാറ്റിലെന്നു പറഞ്ഞ നമ്പര്‍ സ്വിച്ച്ട് ഓഫ്‌.....  ആ രാത്രി മുഴുവന്‍ തലങ്ങും വിലങ്ങും കിടന്നാലോചിച്ചു..
രാവിലെ ഭക്ഷണം കഴിക്കുമ്പോള്‍ ഒരു ഓക്കാനം പോലെ , ടെന്‍ഷന്‍ അടിച്ചാല്‍ പണ്ടേ ഇതു പതിവാണ്. പെട്ടെന്ന് കഴിച്ച്, കുളി തീര്‍ത്തു ഞാന്‍ മൊബൈലില്‍ തപ്പി, കഴിഞ്ഞ പ്രാവിശ്യം തന്ന ഒരു ലാന്‍ഡ്‌ നമ്പര്‍.
ആര്? എന്തിനു ? എന്നാ ചോദ്യങ്ങള്‍ക്ക്‌ ഉത്തരമില്ലാ.. എന്നാലും... വിളിക്കാതെയും വയ്യ..
നീണ്ട രണ്ടു റിങ്ങിന് ശേഷം അപ്പുറത്ത് പക്വതയുള്ള പതിഞ്ഞ സ്ത്രീശബ്ദം.
“ഹല്ലോ”
“ഹല്ലോ, ശ്രീഹരി... ഇല്ലേ?”
രണ്ടു നിമിഷത്തെ നിശബ്ദത.. ഒരു ദീര്‍ഘനിശ്വാസം...
“മോളെ”
ഒരു പതര്‍ച്ച എനിക്കനുഭവപെട്ടു. ഒരു നീണ്ട നിശബ്ദതയില്‍ ഞാന്‍ വീണ്ടും ഹല്ലോ പറഞ്ഞു..
“എത്തിയാല്‍ വിളിക്കാംന്നു പറഞ്ഞിരുന്നു”
“കഴിഞ്ഞ പ്രാവിശ്യം അവന്‍ പോയിട്ട് പിന്നെ വന്നില്ല, ഞാനവനെ കണ്ടില്ലാ, ആരും കണ്ടില്ലാ, അവന്‍ പോയി എന്നെ വിട്ട്, എല്ലാരേം വിട്ട്; അതൊരു നിലവിളിയായി തീര്‍ന്നപ്പോ അപ്പുറത്തെ ലൈന്‍ കട്ടായി”
എന്‍റെ തലക്കുള്ളില്‍ ചീവീട് മൂളുന്ന പോലെ തോന്നി..ചുറ്റും പാറി നടക്കുന്ന ഈയാം പാറ്റകള്‍...
6 മാസക്കാലം ഈ ഭൂമിയില്‍ ഞാനറിയാതെ ഒരുപാട് കാര്യങ്ങള്‍ സംഭവിച്ചു അക്കൂട്ടത്തില്‍ ഒന്നായ്‌ ഇതും..

നിശബ്ദതയായിരുന്നു ചുറ്റിലും, നീണ്ട കുറേ മാസങ്ങള്‍ ഉറക്കത്തിലാണ്ട് പോയ ഒരു വ്യക്തിയെ പോലെ, അമ്മയുടെ ഉറക്കെയുള്ള വിളിയില്‍ ഞെട്ടി എഴുന്നേറ്റിരുന്നു, ജനലിലൂടെ പുറത്തേക്കു നോക്കി..
അപ്പുറത്തെ വീട്ടില്‍ നിന്നും ഒരു പാട്ട് എന്‍റെ ചെവിയിലേക്ക് അടിച്ചു കയറിയപ്പോള്‍ ഞാന്‍ ചെവി പൊത്തി നിലവിളിച്ചു..

“ജന്മങ്ങള്‍ക്കപ്പുറത്തെങ്ങോ ഒരു ചെമ്പകം പൂക്കും സുഗന്ധം....”

7 comments:

 1. നല്ല ശൈലി..നല്ല വായനനല്‍കി.ഒരു ഫീല്‍ .ഇടയ്ക്കിടെ ഇംഗ്ലീഷ് വേര്‍ഡ്‌ വേണ്ടായിരുന്നു.നല്ല രചനകള്‍ പ്രതീക്ഷിക്കുന്നു.

  ReplyDelete
 2. നല്ലൊരു കഥ..
  അഭിനന്ദനങ്ങള്‍ക്കൊപ്പം വായിക്കുമ്പോള്‍ തോന്നിയ ചില കാര്യങ്ങള്‍കൂടി കുറിക്കട്ടെ.
  കഥയുടെ ദൈര്‍ഘ്യം അല്പം കൂടിയോ എന്നൊരു സംശയം , പിന്നെ ഇടയ്ക്കിടെ വരുന്ന ഇംഗ്ലീഷ് വാക്കുകള്‍ ഒരു കല്ലുകടി പോലെ തോന്നിച്ചു. ഇംഗ്ലീഷ് പദങ്ങള്‍ മലയാളത്തില്‍ തന്നെ എഴുതിയിരുന്നെങ്കില്‍ കൊറച്ചു കൂടി നന്നായേനെ..
  ആശംസകള്‍ .

  ReplyDelete
 3. എന്തിനാ ഇത്രേം ഇംഗ്ലീഷ് വാക്കുകൾ? അക്ഷരത്തെറ്റുകളും...

  ReplyDelete