Saturday, April 4, 2015

യോഗ്യതയുടെ ഉയരം


    


    ഇന്നലെയാണ് അയാളുടെയും വീട്ടുകാരുടെയും സ്നേഹത്തിനും പരിചരണത്തിനും ഞാനും കുഞ്ഞും യോഗ്യരല്ല എന്നയാള്‍ പറഞ്ഞത്‌. കേട്ടപ്പോള്‍ ഉണ്ടായ ഞെട്ടലില്‍ നിന്ന് മോചനം നേടിയപ്പോള്‍ പെട്ടെന്ന് തോന്നിയത് സ്വയം സമാധാനിക്കാനാണ്.

“ആയിരിക്കും ഒന്നുമല്ലാതെ നില്കുന്നവള്‍ക്ക് എന്ത് യോഗ്യത?”

പരിഹാസങ്ങള്‍ക്കിടയിലും നിഷേധിക്കപെട്ട നീതിക്കിടയിലും ഞാന്‍ വെറുതെ സമാധാനിച്ചു  വരാന്‍ പോകുന്നത് എന്‍റെ നമ്പര്‍ ആണെന്ന്.

ഉറങ്ങികിടക്കുന്ന കുഞ്ഞിനയും കൊണ്ട് കരിങ്കല്‍ ക്വാറിയുടെ മുകളിലെത്തിയപ്പോള്‍ പെട്ടെന്ന് അവനുണര്‍ന്നു....

ഞാന്‍ ചോദിച്ചു “നമുക്ക്‌ പോവാലെ”

അപ്പൊ അവന്‍റെ ചിരിയില്‍ പുറത്തു വന്ന കുഞരി പല്ലുകള്‍
വെള്ളത്തിനടിയില്‍ അവനു ശ്വാസം മുട്ടുന്നതാലോചിച്ചു തല പെരുത്തു.കാണുന്നതിനു മുന്നേ സ്നേഹിച്ചതല്ലേ..പെണ്‍കുഞ്ഞുങ്ങളെ കുറിച്ച് മാത്രം ചിന്തിച്ചവളായിരുന്നു ഞാന്‍.. പക്ഷേ എന്‍റെ ആഗ്രഹങ്ങള്‍ക്ക്‌ മുന്നേ സഞ്ചരിച്ച ദൈവം കൂട്ടിനു തന്നതാ ഇവനെ.
അല്ലെങ്കിലും ഇങ്ങനൊരു തീരുമാനം എന്നെ വീണ്ടും പരാജിതയാക്കും.
തിരിച്ച് നടക്കുമ്പോള്‍ ദൂരെക്കൊരു യാത്ര മനസ്സില്‍ കണ്ടു... തോല്‍ക്കാനാവില്ല.

എന്‍റെ സ്വകാര്യതകള്‍ക്കും സ്വപ്‌നങ്ങള്‍കും നാല് ചുമരുകള്‍.. അതായിരുന്നു ഞാന്‍ ആഗ്രഹിച്ചത്‌.അതിനു വേണ്ട യോഗ്യത ഇല്ലാതെ പോയി.

പക്ഷഭേദങ്ങള്‍ക്കിടയില്‍ ഞെരങ്ങുമ്പോള്‍ ഞങ്ങള്‍ വായുവില്‍ ഒരു മുറി പണിതു.. അതിനു ഒരു യോഗ്യതയും വേണ്ടല്ലോ?

ചില രാത്രികളില്‍ അവനെന്നെ വിളിച്ചുണര്‍ത്തും

“മ്മ മ്മ ”

കണ്ണ് തുറക്കുമ്പോള്‍ അവന്‍ ഇരിക്കുന്നുണ്ടാകും.അപ്പുറത്തെ കട്ടിലില്‍ കിടക്കുന്നവരെ ഉണര്‍ത്താതിരിക്കാന്‍ ഞങ്ങള്‍ പല കളികളും കളിക്കും
അവസാനം ഞങ്ങളുടെതല്ലാത്ത വീട്ടില്‍, ഞങ്ങളുടെതല്ലാത്ത മുറിയില്‍ , ഞങ്ങളുടെതല്ലാത്ത കട്ടിലില്‍, ഞങ്ങളുടെതല്ലാത്ത പുതപ്പ് കൊണ്ട് മൂടി ഞങ്ങള്‍ തീര്‍ത്ത ഞങ്ങളുടെ ഒരു ലോകം.മറ്റാര്‍ക്കും കയറി വരാന്‍ പറ്റാത്ത ആ ലോകത്തിനു മുകളില്‍ അയാളുടെ യോഗ്യതയും  എന്‍റെ യോഗ്യതയില്ലായ്മയും പാറി കളിച്ചു.... 

No comments:

Post a Comment