Wednesday, July 4, 2012

പിറന്നാളറിയാത്ത പെണ്‍ക്കുട്ടി


           


   ഒരു സെപ്റ്റംബര്‍ 16, രാവിലെ കണ്ണ് തുറന്നപ്പോള്‍ തന്നെ ഒരു ചെറിയ ചിരി ചുണ്ടില്‍ വന്നു കൂടി.മൊബൈല്‍ എടുത്തു നോക്കി, സമയം 6.30 ,12..മെസ്സേജുകള്‍...

ഇന്‍ബോക്സ്‌ നിറയെ happy b’day’s....സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയി..രാത്രി 1 മണിക്ക്‌ വിളിച്ച കൂട്ടുകാരിയെ കൂടെ ഓര്‍ത്തു.. അമ്പലത്തില്‍ പോവണം എന്നോര്‍ത്ത് പല്ല് തേപ്പിന്‍റെ വേഗത കൂട്ടി.. ഇന്ന് ശിവനെ കണ്ടു അഡ്ജസ്റ്റ് ചെയ്യണം..നടക്കാന്‍ ദൂരത്തില്‍ കൃഷ്ണനില്ലല്ലോ എന്നൊക്കെ പറഞ്ഞ് ശ്വാസം വിട്ടപ്പോള്‍ മൊബൈല്‍ പാടുന്നു..

“സന്തോഷ ജന്മദിനം കുട്ടിക്ക്‌...”

അകലെയുള്ള സ്ത്രീ ശബ്ദത്തിലെ സ്നേഹം എന്നെ പൊട്ടിച്ചിരിച്ചു....

 ചിരി തീര്‍ത്ത്‌ തിരിഞ്ഞത് അച്ഛന്‍റെ മുന്നിലേക്ക്‌...രാവിലെ തന്നെ ഒരു കത്തി വേഷം കണ്ടു

“നേരം വെളിചാവണെനു മുന്നേ ആ കുന്തം എടുത്ത് ചെവീല്‍ പിടിപ്പിച്ചോ?”

Weekend വിരുന്നുകാരുടെ list തന്നു.. നേരെ നടക്കാം അടുക്കളയിലേക്ക് എന്നും കൂടെ പറഞ്ഞു

അപ്പൊ അമ്പലം???

അടുക്കളയിലെത്തിയപ്പോള്‍ രണ്ടും കല്‍പ്പിച്ച് അമ്പലത്തില്‍ പോണ കാര്യം പറഞ്ഞു...

പിന്നേം കണ്ടു “കീചക വധം”

ഇപ്പൊ അതിനുള്ള സമയല്ല്യ... ഒരുപാട് പണിയിണ്ട്..ഉച്ചയാവുമ്പോ വിരുന്നുകാരെത്തും..

തിരിഞ്ഞ്‌ നടക്കുമ്പോള്‍ കണ്ണില്‍ വെള്ളം നിറയുന്നുണ്ടോ എന്നൊരു സംശയം...എന്‍റെ പിറന്നാള്‍ ഓര്‍ക്കാന്‍ ഇവിടെ ആരും ഇല്ല.... അത്തരം ഓര്‍മ്മകള്‍ ചെലവ് കൂട്ടും എന്നോര്‍ത്തിട്ടാവാം..
അല്ലെങ്കില്‍ തന്നെ ഓര്‍ത്തിട്ടെന്തിനാ.. ഒരു പ്രായം വരെ എനിക്ക് തന്നെ എന്‍റെ പിറന്നാള്‍ എന്നാണെന്നറിയില്ലായിരുന്നു.....

ഷവറില്‍ നിന്നും വെള്ളം വീണുകൊണ്ടേയിരുന്നു... കണ്ണുനീരും പൈപ്പ് വെള്ളവും മിക്സായി ഒഴുകുമ്പോള്‍ പെട്ടന്നൊരു അഞ്ചു വയസ്സുകാരി പെണ്‍കുട്ടി മുന്നില്‍ വന്നു നിന്നു.. കൂടെ ഒരു കോണ്‍വെന്‍റ് സ്കൂളും, സിസ്റ്റര്‍മാരും, ടീച്ചര്‍മാരും...

 സ്കൂള്‍ എന്ന പുതിയ ലോകം ഇഷ്ടപ്പെട്ട പെണ്‍കുട്ടി.... നീലയും വെള്ളയും നിര്‍ബ്ബന്ധമുള്ള ആ സ്കൂളില്‍ ചിലപ്പോഴായ്‌ പുത്തനുടുപ്പിട്ട കുട്ടികളെത്തുന്നു..കൈ നിറയെ മിട്ടായികളുമായി.. എല്ലാവരും എഴുന്നേറ്റു നിന്നു പാട്ട് പാടുന്നു...

     ” Happy b’day to u
         Happy b’day to u
         May the good god  bless u
        Happy b’day to u”

ആദ്യത്തെ അമ്പരപ്പ്‌ പിന്നെ പിന്നെ മാറി.. ഒരുപാട് കുട്ടികള്‍ ..ഒരുപാട് മിട്ടായികള്‍.... ഇതു പോലെ ഒരു ദിവസം എനിക്കും വരും എന്ന് പ്രതീക്ഷയോടെ  ഇരുന്നു...പക്ഷേ വീട്ടിലെ മാമാങ്കത്തിനിടയില്‍ എന്‍റെ ചോദ്യം ഒലിച്ചു പോയി..

അവസാനം കണ്ടു പിടിച്ചു school diaryലെ date of birth കോളം പറഞ്ഞു തന്നു എന്‍റെ happy b’day… .may 22..അപ്പോഴും നിരാശ സ്കൂള്‍ ഇല്ലാത്ത വേനലവധിക്കാലം..അങ്ങനെ അതിലൊന്നും വല്ല്യ കാര്യം കാണാതെ ദിവസങ്ങള്‍ കഴിഞ്ഞു പോയി...happy b’dayക്കാരുടെ എണ്ണവും കൂടി കൂടി വന്നു...

കഴിഞ്ഞു പോയ പിറന്നാളിനു പകരം ഒരു പ്രവൃത്തി ദിവസം പിറന്നാളാഘോഷിച്ച ഒരു കൂട്ടുക്കാരി എനിക്ക് പ്രചോദനമായി.. അങ്ങനെ വീണ്ടും വീട്ടില്‍.. ഞാനും ഒരു പിറന്നാളാഘോഷവും...

“അതൊന്നും അല്ല വല്ല്യ കാര്യം
നീ പഠിക്കാന്‍ നോക്ക്”

എന്തു പറയുമ്പോഴും കേട്ട് മടുത്ത പല്ലവി....അങ്ങനെ ഓരോ പിറന്നാളുകാരനെയും പിറന്നാളുകാരിയെയും അസൂയയോടെ ഞാന്‍ നോക്കിനില്‍ക്കെ ദിവസങ്ങള്‍ കടന്നു പോയി....
Up classലെ ഒരു വേനലവധിക്കാലം... ഒരു വലിയ കണ്ടുപിടിത്തം നടത്തി, ഒരു പുതിയ പിറന്നാള്‍ September 16… ആകെ കൂടെ കണ്‍ഫ്യൂഷന്‍ ഒരാള്‍ക്ക്‌ രണ്ടു പിറന്നാള്‍???

വീണ്ടും വീട്ടിലെത്തി പിറന്നാള്‍ ചോദ്യങ്ങള്‍...

ഞാന്‍ കേള്‍ക്കാത്ത ഒരു മലയാള മാസവും..പിന്നെ എന്‍റെ നക്ഷത്രവും കൂടി ചേര്‍ന്ന എന്തോ ഒരുത്തരം..

പിന്നെയും ഞാനാരായി......???    ശശി........

അങ്ങനെ ഞാന്‍ പിറന്നാളുകാരെ ശ്രദ്ധിക്കാതെയായി...

മലയാളമറിയാത്ത ഒരു സിസ്റ്റര്‍ പഠിപ്പിക്കുന്നു.... ഒരു തിരിഞ്ഞാല്‍ ചിരിച്ചാല്‍ ഇതു വരെ കേള്‍ക്കാത്ത ഇംഗ്ലീഷില്‍ ചീത്ത.. അതുകൊണ്ട് അടങ്ങി ഒതുങ്ങി ഓരോന്ന് ആലോചിച്ച്  വീണ്ടും ഞാനാ പിറന്നാള്‍ മാമാങ്കത്തിലെത്തി...അസ്വസ്ഥയായി...ബെല്‍ അടിച്ചപ്പോള്‍...പോവാന്‍ ഒരുങ്ങുന്ന സിസ്റ്റര്‍ടെ മുന്നില്‍...  എഴുന്നേറ്റു നിന്ന് താങ്ക്യു സിസ്റ്റര്‍ എന്ന് വിളിച്ചു കൂവുന്ന കൂട്ടത്തില്‍ ഞാനും ഒരാളായി...

ഇരിക്കുന്നതിനു മുന്‍പേ പിന്നില്‍ നിന്നും ഒരു തോണ്ടല്‍.. എന്‍റെ ക്ലാസ്സിലെ ഏറ്റവും സുന്ദരി എന്നെല്ലാരും പറയുന്ന പെണ്‍കുട്ടി....

“മീരാ.... എന്നാ നിന്‍റെ b’day?”

ഈ കുരുപ്പ് എവിടുന്നു പൊട്ടി വീണു എന്ന ഡയലോഗ് അറിയാത്ത കാലമായത് കൊണ്ട് ഒരു വിളറിയ ചിരിയോടെ പറഞ്ഞു..

"അറിയില്ല...."

അപ്പൊ അവള്‍ടെ മുഖത്തു കണ്ട അത്ഭുത ഭാവം... പച്ചാളം ഭാസി തോറ്റു പോവും...

മുന്നിലെ ബെഞ്ചിലിരുന്ന് എനിക്ക് കേള്‍ക്കാമായിരുന്നു അവരുടെ ചോദ്യങ്ങള്‍....

"അതെന്താ??? സത്യം.???? അങ്ങനെ വരുമോ?????"

അന്നത്തെ ആ പരിഹാസം, പുച്ഛം.... പിന്നെ ഒന്നിനും എന്നെ അത്രേം സങ്കടപെടുത്താന്‍ പറ്റിയിട്ടില്ല... പിന്നീടൊരിക്കലും അത്തരം ഭാവങ്ങള്‍ക്ക് മുന്നില്‍ തളര്‍ന്നിട്ടും ഇല്ല....സര്‍ട്ടിഫിക്കറ്റിലെ പിറന്നാള്‍ മറന്ന് ഞാന്‍ സെപ്റ്റംബര്‍ 16ന്‍റെ കൂടെ നിന്നു...ഞാന്‍ മാത്രമറിയുന്ന.. എനിക്കായ്‌ ഞാന്‍ സമ്മാനങ്ങള്‍ വാങ്ങി സൂക്ഷിക്കുന്ന ദിവസം.....

വലുതാവുംതോറും കൂട്ടുകാര്‍ എന്ന ലോകം എന്നെ സമ്മാനപോതികളുമായ് കാത്തു നിന്നു....

ഷവര്‍ ഓഫ്‌ ചെയ്ത്...ഡ്രസ്സ്‌ ചെയ്ത്  പുറത്തിറങ്ങിയപ്പോ... കുളിച്ചു കളഞ്ഞ സമയവും... ആ സമയമുണ്ടെങ്കില്‍  നന്നാവാന്‍ പോകുന്ന പഠിത്തവും കരിയറും...പിന്നെ കേരളവും ഒടുക്കം ഇന്ത്യയും.... എന്നത്തേയും പോലെ ഇതെന്നോടല്ല എന്ന് വിചാരിച്ചു ഞാന്‍ അടുക്കളയിലേക്ക് ഓടി...

കോളേജിന്‍റെ ഓഡിറ്റോറിയത്തിനു സൈഡില്‍ ഇരുന്നു കേക്ക്‌ മുറിച്ചു കൂട്ടുകാര്‍ ആഘോഷിച്ച എന്‍റെ സുന്ദരമായ പിറന്നാളാഘോഷം ഓര്‍ത്ത്‌ ഞാന്‍ അടുക്കളയിലിരുന്ന് ചപ്പാത്തി ചുട്ടു........








3 comments:

  1. ഇനിയും എഴുതണം.എഴുതി തെളിയണം.ഒരു വായനക്കാരി ഈസ്‌ റെഡി :)..
    ആശംസകളോടെ മനു

    ReplyDelete
  2. enthayalum..ente vaka oru..Advance Happy Birth day...adutha pirannalinu chappathi chudathe aghoshian akate :)

    ReplyDelete